ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയെങ്കിലും മുൻ പാകിസ്ഥാൻ താരങ്ങളായ ഷൊയ്ബ് അക്തർ, മുഹമ്മദ് ആമിർ എന്നിവർ പരിഹാസം തുടരുകയാണ്.
എന്നാൽ പാകിസ്ഥാനിൽ നിന്നുള്ള ചിലരെങ്കിലും ഇന്ത്യയുടെ വിജയത്തെ അംഗീകരിക്കുന്നുണ്ട്. ഇന്ത്യയുടെ വിജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതിന് പകരം കുറ്റങ്ങൾ കണ്ടെത്തുന്നത് അവസാനിപ്പിക്കണമെന്ന് മുൻ താരം മുഹമ്മദ് വസീം തുറന്നടിച്ചു. ഇതിഹാസ താരം ജാവേദ് മിയാൻദാദും ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തെ പ്രശംസിച്ചു.
വസീം പറയുന്നത് ഇങ്ങനെയാണ്... ''ഇന്ത്യയോട് തോൽക്കുമ്പോഴോ അവർ വലിയ ടൂർണമെന്റുകളിൽ തിളങ്ങുമ്പോഴോ കുറ്റങ്ങൾ കണ്ടെത്താനും ഗൂഢാലോചന സിദ്ധാന്തങ്ങൾ മെനയാനുമാണ് നമ്മൾ ശ്രമിക്കാറുള്ളത്. അത് അവസാനിപ്പിക്കണം. അവർ മികച്ച ടീമാണെന്ന് അംഗീകരിക്കുകയും നമ്മുടെ തെറ്റുകളിൽ നിന്ന് പഠിച്ച് മുന്നേറുകയും വേണം.'' വസീം പറഞ്ഞു. മാർച്ച് 8 ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ഏകപക്ഷീയമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ടൂർണമെന്റിലുടനീളം ഇന്ത്യ ആധിപത്യം പുലർത്തിയപ്പോൾ, പാകിസ്ഥാൻ സൂപ്പർ 8 ഘട്ടത്തിൽ പുറത്തായി. 2024ലെ ഗ്രൂപ്പ് ഘട്ട പുറത്താകലിന് ശേഷമുള്ള പാകിസ്ഥാന്റെ രണ്ടാമത്തെ വലിയ പരാജയമാണിത്.
ഇന്ത്യയുടെ വിജയത്തിന് പിന്നിലെ കൃത്യമായ പ്ലാനിംഗിനെയും ഘടനയെയും ഇതിഹാസ താരം ജാവേദ് മിയാൻദാദ് പ്രശംസിച്ചു. ഇന്ത്യയിലെ ശക്തമായ ആഭ്യന്തര ക്രിക്കറ്റ് സംവിധാനമാണ് മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ക്യാപ്ടൻ റാഷിദ് ലത്തീഫും ഇന്ത്യയുടെ വിജയത്തെ പ്രശംസിച്ചു. സമ്മർദ്ദഘട്ടങ്ങളിൽ കളിച്ചു ശീലിച്ചതാണ് ഇന്ത്യൻ താരങ്ങളുടെ കരുത്തെന്നും തുടർച്ചയായി ഫൈനലുകളിൽ എത്തുന്നതാണ് ഇതിന് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ താരങ്ങൾക്ക് കനത്ത പിഴ
ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഓരോ താരത്തിനും 50 ലക്ഷം പാകിസ്താൻ രൂപ പിഴ ചുമത്തിയത് കായികലോകത്തെ ഞെട്ടിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോറ്റപ്പോൾ തന്നെ പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്വി ഈ ശിക്ഷാ നടപടി തീരുമാനിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായതാണ് പാകിസ്ഥാൻ പുറത്താകാൻ കാരണമായത്. തുടർച്ചയായ നാലാമത്തെ ഐ.സി.സി ടൂർണമെന്റിലാണ് പാകിസ്ഥാൻ സെമി കാണാതെ പുറത്താകുന്നത്.
വിമർശനവുമായി ഷാഹിദ് അഫ്രീദി
പി.സി.ബിയുടെ ഈ നടപടിയെ മുൻ ക്യാപ്ടൻ ഷാഹിദ് അഫ്രീദി വിമർശിച്ചു. പിഴ ചുമത്തുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും, മോശം പ്രകടനം നടത്തുന്നവരെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ ഏഴ് പരിശീലകരെയും മൂന്ന് ക്യാപ്ടന്മാരെയും മാറ്റിയ പാകിസ്ഥാൻ ക്രിക്കറ്റിലെ അസ്ഥിരതയാണ് ഈ തകർച്ചയ്ക്ക് കാരണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
തുടർച്ചയായ രണ്ടാം തവണയും ലോകകിരീടം ചൂടിയ ഇന്ത്യൻ ടീമിനെയും പ്രത്യേകിച്ച് സഞ്ജു സാംസണെ പ്രത്യേകം പ്രശംസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
