ബംഗ്‌ളൂരു: ഇത്തവണ മില്ലർ മിസാക്കിയില്ല ...ഐ.പി.എല്ലിൽ ഇന്നലെ ആവേശം അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് 6 വിക്കറ്റിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസാണ്. മറുപടിക്കിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ഒരു പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (179/4).
അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 15 റൺസാണ് വേണ്ടിയിരുന്നത്. റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ ആ ഓവറിലെ മൂന്നും നാലും പന്തുകളിൽ സിക്‌സും അഞ്ചാം പന്തിൽ ഫോറും നേടി മില്ലർ ഡൽഹിയെ വിജയ തീരത്തെത്തിച്ചു.
ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തിലും അവസാന ഓവറുകളിൽ മില്ലറുടെ വമ്പനടി ഡൽഹിയെ വിജയത്തിനരികിൽ എത്തിച്ചിരുന്നു. എന്നാൽ അവസാന രണ്ട് പന്ത് മില്ലർ മിസാക്കിയതോടെ ഡൽഹിക്ക് ഒരു റൺസിന്റെ തോൽവി വഴങ്ങേണ്ടി വരികയും ചെയ്തു. എന്നാൽ ഇന്നലെ ആ പിഴവിന് മില്ലർ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.
10 പന്തിൽ 1 ഫോറും 2 സിക്‌സും ഉൾപ്പെടെ മില്ലർ പുറത്താകാതെ 22 റൺസ് നേടി. പ്രതിന്ധി ഘട്ടത്തിൽ ക്രീസിലെത്തി 47 പന്തിൽ 4 ഫോറും 1 സിക്‌സും ഉൾപ്പെടെ പുറത്താകാതെ 60 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്‌സാണ് കളിയിലെ താരം.
ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ മൂന്നോവറിനുള്ളിൽ തന്നെ പതും നിസ്സാങ്ക (1 ), കരുൺ നായർ (5), സമീർ റിസ് വി (2) എന്നിവരെ പുറത്താക്കി ഭുവനേശ്വർ കുമാർ ബംഗളൂരുവിന് ആധിപത്യം നൽകിയതാണ്. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച കെ.എൽ രാഹുലും (34 പന്തിൽ 57) സ്റ്റബ്‌സും ചേർന്ന് ഡൽഹിയെ തകർച്ചയിൽ നിന്ന് കരകയറ്റി.
ടീം സ്‌കോർ 87ൽ വച്ച് രാഹുലിനെ പുറത്താക്കി ക്രൂനാൽ പാണ്ഡ്യ കൂട്ടുക്കെട്ട് പൊളിച്ചു. പകരമെത്തിയ ക്യാപ്ടൻ അക്ഷർ പട്ടേൽ (19 പന്തിൽ 26) സ്റ്റബ്‌സിനൊപ്പം പിടിച്ചു നിന്നെങ്കിലും പരിക്കിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായി.
തുടർന്നെത്തിയ മില്ലർ അടിച്ച് തകർക്കുകയായിരുന്നു. നേരത്തേ ഫിൽ സാൾട്ട് (38 പന്തിൽ 64) ആണ് ആർ.സി.ബി ബാറ്റിംഗ് നിരയുടെ കാവലാളായത്. ടിം ഡേവിഡ് (17 പന്തിൽ 26) ഭേദപ്പെട്ട പ്രകടനം നടത്തി. ഡൽഹിക്കായി എൻഗിഡിയും കുൽദീപും അക്ഷറും 2 വിക്കറ്റ് വീതം വീഴ്ത്തി.
പോയിന്റ് ടേബിളിൽ ഡൽഹി നാലാം സ്ഥാനത്തേക്ക് കയറി. ആർ.സി.ബി നാലാമതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
