തൃശൂർ: കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഷാജൻ ആനിത്തോട്ടത്തിന്റെ പ്രഥമ നോവൽ പകർന്നാട്ടം മൂന്നാം പതിപ്പിന്റെ പ്രകാശനം തൃശൂരിൽ നടന്നു. ഹോട്ടൽ ഗരുഡയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പ്രശസ്ത കവിയും ചലചിത്ര ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് കേന്ദ്ര സാഹിത്യ അക്കാഡമി യുവ അവാർഡ് ജേതാവും കവയത്രിയുമായ ലോപമുദ്രയ്ക്ക് പുസ്തകത്തിന്റെ കോപ്പി നല്കിയാണ് പ്രകാശനം നിർവ്വഹിച്ചത്. തൃശൂർ സി.എം.എസ്. ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ് ആളൂർ, കറന്റ് ബുക്‌സ് തൃശൂർ മാനേജർ കെ.ജെ. ജോണി, സെന്റ് തോമസ് കോളജ് പ്രൊഫസറും എഴുത്തുകാരനുമായ ശ്യാം സുധാകർ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രൊഫസറും സാഹിത്യകാരനുമായ ടിറ്റോ വർഗ്ഗീസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
അമേരിക്കയിലെ ആദ്യകാല കുടിയേറ്റ നഴ്‌സുമാരും അവരുടെ കുടുംബങ്ങളും അനുഭവിച്ച ജീവിത,
തൊഴിൽ പ്രതിസന്ധികളെ സത്യസന്ധമായും തീക്ഷണവുമായി വർണ്ണിച്ചിരിക്കുന്ന മനോഹരമായൊരു സർഗ്ഗസൃഷ്ടിയാണ് പകർന്നാട്ടം. ഹൈറേഞ്ചിലെ കമ്പിളികണ്ടം എന്ന ഗ്രാമത്തിൽ നിന്നും ഷിക്കാഗോയിലേക്ക് കുടിയേറിയ ഒരു നഴ്‌സാണ് നോവലിലെ നായിക. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി നടന്ന വിദ്യാഭ്യാസ കാലയളവിലും തുടർന്നങ്ങോട്ട് ജീവിതത്തിലും നേരിട്ട വെല്ലുവിളികളുടെയും വൈകാരിക മുഹൂർത്തങ്ങളുടെയും ആകർഷകമായ ആവിഷ്‌ക്കാരമാണ് മികച്ച വായനാസുഖം നല്കുന്ന ഈ നോവൽ. ഇന്ത്യയിലെ അടിയന്തിരാവസ്ഥ മുതൽ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുകളുൾപ്പെടെ ആയിരത്തിത്തൊള്ളായിരത്തിയറുപത്തിയെട്ട് മുതൽ രണ്ടായിരത്തിപതിനെട്ട് വരെയുള്ള അര നൂറ്റാണ്ട് കാലയളവിൽ ഇരു രാജ്യങ്ങളിലും നടന്ന പല സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളും നോവലിൽ പ്രതിപാദിക്കുന്നുണ്ട്; ഒപ്പം മലബാറിലെ ഉൾനാടൻ ഗ്രാമങ്ങളും മയ്യഴിപ്പുഴയും ലദീഞ്ഞത്തുമ്പികളും വെള്ളിയാങ്കല്ലിൽ വിശ്രമിക്കുന്ന പരേതാത്മാക്കളും. പ്രശസ്ത എഴുത്തുകാരായ സി. രാധാകൃഷ്ണൻ, സക്കറിയ, പെരുമ്പടവം ശ്രീധരൻ എന്നിവരുടെ ആസ്വാദനക്കുറിപ്പുകൾ പുസ്തകത്തിന്റെ പ്രൗഡി വിളിച്ചോതുന്നുണ്ട്.
ഹിച്ച്‌ഹൈക്കർ (കഥാസമാഹാരം), പൊലിക്കറ്റ (കവിതകൾ), ഒറ്റപ്പയറ്റ് (ലേഖനസമാഹാരം), ഹിമ
(ചെറുകഥകളുടെ സമാഹാരം) എന്നിവയാണ് ഷാജൻ ആനിത്തോട്ടത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട മറ്റ് പുസ്തകങ്ങൾ. കറന്റ് ബുക്‌സിന്റെ ശാഖകളിൽ നിന്നോ ആമസോൺ (ഇന്ത്യ), കറന്റ് ബുക്‌സ് ഓൺലൈൻ എന്നിവിടങ്ങളിൽ നിന്നോ പകർന്നാട്ടം ലഭ്യമാണ്. വില: അഞ്ഞൂറ് രൂപ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
