കൊല്‍ക്കത്ത: വഖഫ് ഭേഗദതി നിയമത്തിനെതിരായ പ്രതിഷേധം അതിരുവിട്ട പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനമുനയില്‍. മുര്‍ഷിദാബാദിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 400 ല്‍ ഏറെപ്പേര്‍ വീടുകളുപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ ക്രിക്കറ്ററും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പഠാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. ചായ കുടിക്കുന്ന ചിത്രത്തിനൊപ്പം ശാന്തമായ അന്തരീക്ഷമെന്ന് എഴുതിയ പോസ്റ്റാണ് വന്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ ലോക്‌സഭാ മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന യൂസഫ് പഠാന്‍ ശനിയാഴ്ചയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് പങ്കിട്ടത്. അതില്‍ അദ്ദേഹം ചായ കുടിക്കുകയും ഒരു എസ്റ്റേറ്റില്‍ വിശ്രമിക്കുകയും ചെയ്യുന്നത് കാണാം. 'സുഖകരമായ സായാഹ്നം, നല്ല ചായ, ശാന്തമായ ചുറ്റുപാടുകള്‍. നിമിഷങ്ങളില്‍ മുഴുകുക' എന്ന അടിക്കുറിപ്പോടെയാണ് പഠാന്‍ ചിത്രം പോസ്റ്റ് ചെയ്തത്.
മുര്‍ഷിദാബാദ് കത്തുമ്പോള്‍ നിങ്ങള്‍ ആസ്വാദനത്തിലാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് യൂസഫ് പഠാന്റെ പോസ്റ്റിന് കീഴില്‍ വിമര്‍ശനവുമായി എത്തിയത്. 'നിങ്ങളുടെ മണ്ഡലത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ ???' എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.
എംപി യൂസഫ് പഠാന്റെ പോസ്റ്റിനെ വിമര്‍ശിക്കാന്‍ ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാലയും അവസരം പാഴാക്കിയില്ല. ''ബംഗാള്‍ കത്തുകയാണ്. കണ്ണടയ്ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞതായും കേന്ദ്ര സേനയെ വിന്യസിച്ചതായും പറയുന്നു. പോലീസ് മൗനം പാലിക്കുമ്പോള്‍ മമത ബാനര്‍ജി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്! അതേസമയം, യൂസഫ് പഠാന്‍ എംപി ചായ കുടിക്കുകയും ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്ന നിമിഷത്തില്‍ ലയിക്കുകയും ചെയ്യുന്നു... ' പൂനാവാല വിമര്‍ശിച്ചു
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇതുവരെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പോലീസുകാര്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു. വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സുതി, സംസര്‍ഗഞ്ച്, ധൂലിയാന്‍ എന്നിവിടങ്ങളില്‍ അക്രമാസക്തമായതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീയിടുകയും വീടുകള്‍ ആക്രമിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതുവരെ 138-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്