കൊച്ചി: ശിവകാർത്തികേയൻ നായകനായ സുധ കൊങ്കര ചിത്രം 'പരാശക്തി' പൊങ്കൽ റിലീസ് ആയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാൽ ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു സിനിമയുടെ റിലീസ്. സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട തർക്കങ്ങളും സെൻസർ സർട്ടിഫിക്കേഷൻ പ്രതിസന്ധിയും എല്ലാം കഴിഞ്ഞു ഒരു യുദ്ധം തീർന്ന പോലെ ആണ് ചിത്രം റിലീസ് ചെയ്തത്.
എന്നാൽ സിനിമ തിയേറ്ററുകളിൽ എത്തിയിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഒരു ഭാഗത്ത് രാഷ്ട്രീയ കക്ഷികളും മറുഭാഗത്ത് ഫാൻസ് അസോസിയേഷനുകളും ചിത്രത്തിന് നേരെ വലിയ ആക്രമണം ആണ് നടത്തുന്നത്.
വിജയ് നായകനാകുന്ന ചിത്രം 'ജന നായക'നുമായി ചിത്രം ക്ലാഷ് റിലീസ് പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ജനുവരി 14ൽ നിന്ന് 10ലേക്ക് സിനിമയുടെ റിലീസ് മാറ്റിയതിന് പിന്നിൽ വിജയ്‌ക്ക് എതിരായ രാഷ്ട്രീയ നീക്കമാണെന്നായിരുന്നു ആരോപണം. ഇപ്പോൾ സെൻസർ സർട്ടിഫിക്കേഷൻ പ്രതിസന്ധി കാരണം വിജയ് ചിത്രത്തിന്റെ റിലീസ് മാറ്റിയതോടെ ആരാധകർ അതിന്റെ ദേഷ്യം 'പരാശക്തി'യോടാണ് തീർക്കുന്നത്.
ഇപ്പോൾ ഈ പ്രശ്നങ്ങളിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പരാശക്തിയുടെ സംവിധായിക സുധ കൊങ്കര. അങ്ങേയറ്റം മോശമായ രീതിയിലുള്ള അപകീർത്തിപ്പെടുത്തലുകളും വ്യക്തിഹത്യയുമാണ് നടക്കുന്നതെന്ന് സുധ കൊങ്കര പറഞ്ഞു. അജ്ഞാതരായ ആളുകൾ വ്യാജ ഐഡികളിൽ ഒളിച്ചിരുന്നാണ് ഇത് ചെയ്യുന്നത്. അത് എവിടെ നിന്നാണ് വരുന്നതെന്ന് തനിക്കറിയാമെന്നും സംവിധായിക വ്യക്തമാക്കി.
"ഇന്നലെ ഒരു എക്സ് ഹാൻഡിലിൽ കണ്ട വരികൾ ഞാൻ വായിക്കാം: സിബിഎഫ്‌സിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങുന്നതല്ല വലിയ കാര്യം. 'അണ്ണാ' (വിജയ്) ആരാധകരോട് മാപ്പ് ചോദിച്ച് ഒരു അപ്പോളജി സർട്ടിഫിക്കറ്റ് വാങ്ങൂ. ഇനി ഒരു ആഴ്ച കൂടിയുണ്ട്, അവർ ക്ഷമിച്ചാൽ 'പരാശക്തി' ഓടും" ബ്ലാസ്റ്റിങ് തമിഴ് സിനിമ എന്ന എക്സ് ഹാൻഡിലിലെ വരികൾ കാണിച്ചു തങ്ങൾ നേരിടുന്ന സൈബർ ആക്രമണം സുധ വ്യക്തമാക്കി. പൊങ്കൽ വാരത്തിൽ ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് സുധ കൊങ്കര കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
