കാസ്റ്റിംഗ് കാൾ തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നു. തനിക്ക് വന്ന വ്യാജ കാസ്റ്റിംഗ് കോളിനെ പറ്റി വെളിപ്പെടുത്തിയിരിക്കുയാണ് നടി ഷൈനി സാറ. ആറു സുന്ദരികളുടെ കഥ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ നടിയാണ് ഷൈനി സാറ. താൻ തട്ടിപ്പിന് ഇരയായ വിവരം സുഹൃത്തും നടിയുമായ മാല പാർവതിയുടെ ഫേസ്ബുക്ക് പേജ് വഴി പങ്കുവച്ച വീഡിയോയിലൂടെയാണ് ഷൈനി പുറത്തുവിട്ടത്.
രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2 എന്ന ചിത്രത്തിൽ നടന്റെ ഭാര്യാ വേഷത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്താണ് വ്യാജ കാസ്റ്റിംഗ് കാൾ വന്നതെന്ന് ഷൈനി പറയുന്നു. തമിഴിൽ അഭിനയിക്കാനുള്ള ആർട്ടിസ്റ്റ് കാർഡിനായി 12,500 രൂപ ചോദിച്ചെന്നും മറ്റ് താരങ്ങൾ സഹായിച്ചതുകൊണ്ട് മാത്രം താൻ രക്ഷപ്പെട്ടെന്നും ഷൈനി പറഞ്ഞു.
സുഹൃത്ത് മാല പാർവതിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിക്കണം ആവശ്യപ്പെട്ടതെന്നും കൂടുതൽ പേർ തട്ടിപ്പിന് ഇരയയിട്ടുണ്ടാകമെന്നും ഷൈനി പറയുന്നു. അവസരം നൽകാൻ പണം ആവശ്യപെട്ടാൽ അത് തട്ടിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും ഷൈനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് സുരേഷ് കുമാർ കാസ്റ്റിങ് എന്ന പേരിൽ തട്ടിപ്പ് സംഘം ഷൈനിയെ ബന്ധപ്പെടുന്നത്. ജയിലർ 2-ൽ രജനികാന്തിന്റെ ഭാര്യയായി അഭിനയിക്കാൻ അവസരമുണ്ടെന്നായിരുന്നു നടിക്ക് ലഭിച്ച വാഗ്‌ദാനം. ഇതിനായി ഓൺലൈനിൽ ഓഡിഷനും നടത്തിയിരുന്നു. തുടർന്ന് തമിഴിൽ അഭിനയിക്കാനുള്ള ആർട്ടിസ്റ്റ് കാർഡ് ഉണ്ടോ എന്ന് തട്ടിപ്പ് സംഘം ഷൈനിയോട് തിരക്കി. ഇല്ലെന്ന് മറുപടി ലഭിച്ചപ്പോൾ 12,500 രൂപ തന്നാൽ ആർട്ടിസ്റ്റ് കാർഡ് നൽകാമെന്ന് വാഗ്‌ദാനം നൽകിയെന്ന് നടി പറയുന്നു.
‘‘സിനിമയിൽ എന്നെപ്പോലെ വേഷങ്ങൾ ചെയ്യുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, സംഗതി വളരെ രസകരവും അതുപോലെ തന്നെ പ്രധാനപ്പെട്ടതുമാണ്. കഴിഞ്ഞ ദിവസം എന്റെ വാട്ട്സാപ്പ് ചാറ്റിൽ ഒരു മേസേജ് വന്നു. കാസ്റ്റിങ് ഏജൻസി വഴി ജയിലർ 2വിനു വേണ്ടി അപേക്ഷിച്ച നിങ്ങളുടെ അപേക്ഷ ഞങ്ങൾ പരിഗണിച്ചു. രജനിയുടെ മകളുടെയും മകന്റെയും വേഷത്തിലാണ് ഇപ്പോൾ ആളുകളെ നോക്കുന്നതെന്നു പറഞ്ഞു. എന്റെ പ്രായത്തിനനുസരിച്ചുള്ള വേഷമെന്തെങ്കിലും വേണമെന്നു പറഞ്ഞ് അവർക്കു വിവരങ്ങളെല്ലാം നൽകി.
പിറ്റേദിവസം സുരേഷ് കുമാർ കാസ്റ്റിങ്സ് എന്ന പേരിലുള്ള കമ്പനിയിൽ നിന്നും വേറൊരാൾ വാട്ട്സാപ്പിൽ ചാറ്റ് ചെയ്തു. പാസ്പോർട്ട് ഉണ്ടോ, തമിഴ് നാട്ടിലും മലേഷ്യയിലുമാണ് ഷൂട്ടെന്നു പറഞ്ഞു. കാസ്റ്റിങിൽ തിരഞ്ഞെടുത്താൽ പത്തര ലക്ഷം രൂപയാണ് പ്രതിഫലമെന്നും പറഞ്ഞു. പ്രഫഷനലായ രീതിയിലുള്ള ഇവരുടെ ഇടപെടലിൽ ഞാൻ വീണു. ഒരു നിമിഷം എന്റെ മനസ്സിൽ ലഡു പൊട്ടി.
രജനി സർ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ്. അങ്ങനെ ഇയാൾ പറഞ്ഞു, നാളെ രാവിലെ പതിനൊന്നുമണിക്ക് സുരേഷ് സർ വിളിക്കുമെന്ന്. പക്ഷേ രണ്ട് ദിവസം കഴിഞ്ഞിട്ടും വിളിച്ചില്ല. മൂന്നാം ദിവസം സുരേഷ് എന്നു പറയുന്ന ആൾ ഓഡിയോ കോൾ ചെയ്തു. ഉടൻ തന്നെ റെഡിയാകണം, വിഡിയോ കോളിൽ വരണം, ഒരുപാട് പേരെ അഭിമുഖം നടത്താനുണ്ട്, മുടി അഴിച്ചിട്ട് സാരി ഉടുത്ത് വരണം എന്നൊക്കെ പറഞ്ഞു.
പുറത്തായിരുന്ന ഞാൻ കേട്ട പാതി കേൾക്കാത്ത പാതി പെട്ടന്ന് ബൈക്കെടുത്ത് വീട്ടിലെത്തി സാരിയൊക്കെ ഉടുത്ത് റെഡിയായി. അയാൾ വിളിക്കുന്നു, അങ്ങനെ അഭിമുഖം തുടങ്ങി, ആദ്യം എന്റെ പ്രൊഫൈൽ പറഞ്ഞു. പിന്നീട് ഉയരവും സൈസും മേൽവിലാസവും സിനിമകളുടെ വിവരമൊക്കെ ഇംഗ്ലിഷിൽ പറയുന്നു. ചെരിഞ്ഞു നിൽക്കൂ, നീങ്ങി നിൽക്കൂ എന്നൊക്കെ പറയുന്നുണ്ട്. വളരെ ഡീസന്റ് ആയാണ് സംസാരിക്കുന്നത്. ഷൂട്ടിങിനു വരുമ്പോൾ ഗാർഡിയനെ നിർബന്ധമായും കൊണ്ടുവരണമെന്നു പറഞ്ഞു.
അതിനു ശേഷം ആർടിസ്റ്റ് കാർഡ് ഉണ്ടോ എന്നു ചോദിച്ചു. അതിവിടെ നമുക്ക് ഇല്ല. ഞാൻ എടുത്തിട്ടുമില്ല. തമിഴ്നാട്ടിൽ അത് അത്യാവശ്യമാണെന്നും 12300 രൂപയാണ് അതിനു വരുന്നതെന്നും അവർ പറഞ്ഞു. എനിക്കു വേണ്ടി അവർ അത് എടുത്തു തരാമെന്നും വാഗ്ദാനം ചെയ്തു. അതിനു വേണ്ടി ആധാർ കോപ്പി, ഫോട്ടോ എന്നിവ അയയ്ക്കണമെന്നു പറഞ്ഞു. ഒരു ഇമെയ്ൽ അയയ്ക്കാം, അതിനു ഓക്കെ തന്നാൽ ആർട്ടിസ്റ്റ് കാർഡിനുള്ള അപേക്ഷ കൊടുക്കാമെന്നു പറഞ്ഞു. വളരെ പ്രൊഫഷനായ മെയിലാണ് വന്നത്.
ഞാൻ ആ മെയിലിനു ഓക്കെ കൊടുത്തു. അതിനുശേഷം അവർ ഓഡിയോ കോൾ വിളിക്കുന്നു. മെയിൽ കിട്ടി, ഇന്നു തന്നെ ആർടിസ്റ്റ് കാർഡ് എടുക്കാം അതിന്റെ പൈസ നിങ്ങൾ ഇപ്പോൾ തന്നെ അയയ്‍ക്കണമെന്നു പറഞ്ഞു. പൈസ വേണമെന്നു പറഞ്ഞപ്പോൾ, അതിനു കുറച്ച് സമയം വേണമെന്നു ഞാൻ പറഞ്ഞു. നിങ്ങൾ ഓക്കെ പറഞ്ഞതുകൊണ്ടല്ലേ കൺഫർമേഷൻ മെയിൽ അയച്ചതെന്നും വേറെ പല അഭിനേതാക്കളും ഈ റോളിനായി ക്യൂവിലാണെന്നും അവർ പറഞ്ഞു. നിങ്ങളെ പെട്ടെന്ന് കാസ്റ്റ് ചെയ്യുന്നതിനാണ് ആർടിസ്റ്റ് കാർഡ് ഇപ്പോൾ തന്നെ എടുക്കാമെന്നു പറഞ്ഞത്, എത്ര സമയം വേണമെന്നും എന്നോടു ചോദിച്ചു. രണ്ട് ദിവസമെന്ന് ഞാൻ പറഞ്ഞു.
രണ്ട് ദിവസം പറ്റില്ല, പകുതി പൈസ ഇപ്പോൾ അയയ്‍ക്കൂ, ബാക്കി പൈസ പിന്നെ അയച്ചാൽ മതി, ക്യൂ ആർ കോഡ് തരാം. ഇതു കേട്ടതോടെ പിടുത്തം കിട്ടി. ഓക്കെ സർ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അതിനുശേഷം തമിഴ് ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്ന മാലാ പാർവതിയെയും ലിജോമോളെയും വിളിച്ചു. രണ്ട് പേരെയും കിട്ടിയില്ല. വേറൊരു തമിഴ് സുഹൃത്തിനെ വിളിച്ച് ആർടിസ്റ്റ് കാർഡിന്റെ കാര്യം ഞാൻ ചോദിച്ചു. അങ്ങനെയൊരു കാർഡ് ആവശ്യമില്ലെന്നും അയാൾ എന്താണ് പറയുന്നതെന്ന് കേൾക്കൂ എന്നും പറഞ്ഞു.
അങ്ങനെ കാസ്റ്റിങ് കമ്പനിയിൽ നിന്നും വീണ്ടും വിളിച്ച് പൈസ ചോദിച്ചു. ഇതിന്റെ സംവിധായകന്റെ അസിസ്റ്റന്റ് എന്റെ സുഹൃത്താണ് അദ്ദേഹത്തെ വിളിച്ചു ചോദിച്ച ശേഷം പൈസ അയയ്ക്കാമെന്ന് ഇവരോടു പറഞ്ഞു. അങ്ങനെ കോൾ കട്ട് ചെയ്തു. പിന്നീട് മാലാ പാർവതിയും ലിജോമോളും വിളിച്ച് കാര്യം തിരക്കി. അവർ അപ്പോഴെ പറഞ്ഞു, ഇതു തട്ടിപ്പാണെന്ന്. എന്നെ ഇന്റർവ്യു ചെയ്തത് ഏത് റോളിനാണെന്ന് അറിയണ്ടേ? രജനി സാറിന്റെ ഭാര്യ റിട്ടയേർഡ് ഐപിഎസ് ഓഫിസർ ഭാനി എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ഇവർ കള്ള ഓഡിഷൻ ചെയ്തത്.’’–ഷൈനി സാറ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്