മലയാള സിനിമയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ പത്മരാജന്റെ ഓർമ്മകൾ 33 വർഷം പിന്നിട്ടു 

JANUARY 24, 2024, 10:41 AM

അനശ്വര പ്രണയകഥകളുടെ രചയിതാവായ, പത്മരാജൻ വിടവാങ്ങിയിട്ട് 33 വർഷം.  കാലത്തിനു മുൻപേ സഞ്ചരിച്ച ആ പ്രതിഭയുടെ സിനിമകളും രചനകളും പുതിയ തലമുറയും ഇഷ്ടപ്പെടുന്നു. പത്മരാജന്‍ രചനകള്‍ വര്‍ണനാതീതമാണ്. മറക്കാനാവാത്ത കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് അദ്ദേഹത്തിന്റെ തിരക്കഥകളായിരുന്നു. നിഗൂഢതകൾ നിറഞ്ഞ കഥകൾ വളരെ ലളിതമായി മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്ന പത്മരാജൻ.  

മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂര്‍ത്തങ്ങളെയും സമ്മാനിച്ച കഥാകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ വിശേഷങ്ങളാല്‍ സമ്പന്നനാണ് പത്മരാജന്‍. തന്റെ സ്വന്തം തിരക്കഥയായ പെരുവഴിയമ്പലം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം. കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ,അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ, അപരൻ, 'മൂന്നാം പക്കം, ഇന്നലെ, ദേശാടനക്കിളികള്‍ കരയാറില്ല, ഞാൻ ഗന്ധർവൻ അങ്ങനെ പതിനെട്ടോളം ചിത്രങ്ങൾ.

46 വയസ്സുവരെ മാത്രം നീണ്ടു നിന്ന പത്മരാജന്റെ സാഹിത്യ, ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി ചെറുകഥകള്‍, മുപ്പതിലേറെ നോവല്‍, സ്വന്തം തിരക്കഥയില്‍ പതിനെട്ടു സിനിമകള്‍, കൂടാതെ മറ്റു സംവിധായകര്‍ക്കു വേണ്ടി ഇരുപതോളം തിരക്കഥകള്‍. അവയെല്ലാം മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. 

vachakam
vachakam
vachakam

പ്രണയവും ജീവിതവും ഏറ്റവും മനോഹരമായി അഭ്രപാളിയില്‍ ചിത്രീകരിച്ച അപൂർവ്വ പ്രതിഭയാണ് പത്മരാജൻ. എഴുത്തില്‍ നിലനിര്‍ത്തിയ പ്രണയത്തിന്റെ അനന്തമായ സാധ്യതകള്‍ പത്മരാജന്‍ സിനിമകളെ പുതിയതലത്തിലേക്ക് ഉയര്‍ത്തി. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലും തൂവാനത്തുമ്പികളിലും പ്രണയത്തിന്റേയും കാമത്തിന്റേയും ലോലവും തീക്ഷണവുമായ സന്ദര്‍ഭങ്ങള്‍ വളരെ മനോഹരമായി അദ്ദേഹം വരച്ചുകാട്ടി. 

1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരയ്ക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു. ഇതോടൊപ്പം തന്നെ ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.

കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ.

vachakam
vachakam
vachakam

ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24-ാം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam