കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങുന്ന പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അനുകൂലിക്കുന്നവർ സണ്ണി ജോസഫിനെതിരെ പരസ്യമായി രംഗത്തിറങ്ങിയതാണ് കണ്ണൂരിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. സണ്ണി ജോസഫിന്റെ വോട്ട് അഭ്യർത്ഥന പോസ്റ്ററുകൾക്ക് തൊട്ടടുത്ത് തന്നെയാണ് സുധാകരന് അനുകൂലമായ പ്രതിഷേധ ബോർഡുകളും പ്രത്യക്ഷപ്പെട്ടത്.
"നട്ടുനനച്ച് വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി നേരിടേണ്ടി വരും" എന്ന രൂക്ഷമായ മുന്നറിയിപ്പാണ് പോസ്റ്ററുകളിൽ ഉള്ളത്. ഒരു ചെടിയെ വളർത്താൻ വെള്ളവും വളവും നൽകിയവരെ ചവിട്ടിമെതിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കരുതെന്നും, പുതിയ കൂട്ടുകെട്ടുകളുടെ ബലത്തിൽ പഴയ നേതാക്കളെ തള്ളിക്കളയുന്നത് നന്ദികേടാണെന്നും പോസ്റ്ററിൽ കുറിച്ചിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ കണ്ണൂരിന്റെ പടനായകനായി കെ. സുധാകരൻ തന്നെ വരണമെന്നാണ് അണികളുടെ ആവശ്യം. സുധാകരന് സീറ്റ് നിഷേധിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പേരാവൂർ ടൗണിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഉയർന്നത്. സണ്ണി ജോസഫിന് വിജയസാധ്യതയുള്ള മണ്ഡലത്തിൽ സ്വന്തം പാർട്ടിക്കാർ തന്നെ ഉയർത്തുന്ന ഈ വെല്ലുവിളി യുഡിഎഫ് ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കണ്ണൂരിലെ കോൺഗ്രസിൽ വിഭാഗീയത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കെ. സുധാകരനെ അവഗണിക്കുന്നത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന സൂചനയാണ് പേരാവൂരിലെ ഈ പ്രതിഷേധങ്ങൾ നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
