പ്രമുഖ അമേരിക്കൻ റാപ്പർ കന്യേ വെസ്റ്റിനെതിരെ ലൈംഗികാതിക്രമവും ശാരീരിക പീഡനവും ആരോപിച്ച് മുൻ 'അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ' താരം ജെന്നിഫർ ആൻ വീണ്ടും രംഗത്ത്. ബി.ബി.സിയുടെ പ്രത്യേക പോഡ്കാസ്റ്റിലാണ് താരം മനസ്സ് തുറന്നത്. 2010-ൽ ഒരു മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ കന്യേ വെസ്റ്റിൽ നിന്ന് നേരിട്ട ക്രൂരമായ അനുഭവങ്ങളാണ് താരം പങ്കുവെച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് 2024-ൽ ജെന്നിഫർ ആൻ കന്യേ വെസ്റ്റിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
ല റൂക്‌സിന്റെ 'ഇൻ ഫോർ ദ കിൽ' എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്ന് ജെന്നിഫർ ഓർക്കുന്നു. എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് തനിക്ക് യാതൊരു നിർദ്ദേശവും നൽകാതെ ക്യാമറയ്ക്ക് മുന്നിൽ ഇരുത്തുകയായിരുന്നു. പെട്ടെന്ന് കന്യേ വെസ്റ്റ് അടുത്ത് വരികയും ഇരു കൈകളും ഉപയോഗിച്ച് തന്റെ കഴുത്ത് ഞെരിക്കാൻ തുടങ്ങുകയുമായിരുന്നെന്ന് ജെന്നിഫർ വെളിപ്പെടുത്തി.
തുടർന്ന് തന്റെ മുഖത്തെ മേക്കപ്പ് മുഴുവൻ വടിച്ചെടുത്ത് നശിപ്പിക്കുകയും തന്റെ വായിലേക്ക് കൈകൾ ബലമായി തിരുകിക്കയറ്റി ലൈംഗികാഭാസം കാണിക്കുകയും ചെയ്തുവെന്ന് ജെന്നിഫർ ആരോപിച്ചു. ഈ സമയത്ത് താൻ കടുത്ത ഭയത്തിലായിരുന്നെന്നും ശ്വാസം മുട്ടിപ്പോയെന്നും സിനിമാ രംഗത്ത് പുതിയതായതിനാൽ ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന് കരുതിയെങ്കിലും സെറ്റിലുള്ളവർ ചിത്രം കാണുന്നത് പോലെ നോക്കിനിൽക്കുകയായിരുന്നു എന്നും മോഡൽ കൂട്ടിച്ചേർത്തു. ഈ അതിക്രമത്തിന് ശേഷം "ഇതാണ് കല, ഞാൻ പിക്കാസോയാണ്" എന്ന് കന്യേ വെസ്റ്റ് വിളിച്ചുപറഞ്ഞതായും ജെന്നിഫർ ഓർക്കുന്നു.
തന്റെ അമ്മയോ കുടുംബമോ ഈ ദൃശ്യങ്ങൾ കാണരുതെന്ന് ആഗ്രഹമുണ്ടായിരുന്നതിനാൽ ഈ ഭാഗം മ്യൂസിക് വീഡിയോയിൽ ഉൾപ്പെടുത്തില്ലെന്ന് ഗായിക എലി ജാക്സൺ തനിക്ക് ഉറപ്പ് നൽകിയിരുന്നതായി ജെന്നിഫർ പറഞ്ഞു. 2024-ൽ ന്യൂയോർക്ക് കോടതിയിൽ നൽകിയ പരാതി പ്രകാരം, ഈ കേസിൽ കോടതി നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
അതേസമയം, ഈ വർഷം ആദ്യം കന്യേ വെസ്റ്റിന്റെ നിയമസംഘം ജെന്നിഫറിന്റെ പരാതി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഷൂട്ടിംഗിനിടെ ഇത്തരം ഒരു സംഭവം നടന്നത് അവർ നിഷേധിക്കുന്നില്ല. എന്നാൽ ഇതൊരു അതിക്രമമല്ലെന്നും, 'അമേരിക്കൻ സൈക്കോ' എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയ തികച്ചും പ്രകോപനപരവും തീവ്രവുമായ പ്രകടനം മാത്രമായിരുന്നു അതെന്നുമാണ് കന്യേ വെസ്റ്റിന്റെ അഭിഭാഷകരുടെ വാദം. കേസിൽ ഇതുവരെ അന്തിമ വിധി വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
