മുംബൈ: അമ്മയുടെ വിയോഗം ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശസ്ത ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞയും നടിയുമായ അമ്മ നിർമ്മല ദേവിയുടെ മരണം തന്നെ മാനസികമായി തകർത്തുകളഞ്ഞെന്നും, ദുഃഖം താങ്ങാനാകാതെ നർമദാ നദിയിൽ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നെന്നും താരം വെളിപ്പെടുത്തി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോവിന്ദ തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചത്.
1996 ജൂൺ 15നാണ് ഗോവിന്ദയുടെ അമ്മ നിർമ്മല ദേവി (69) അന്തരിച്ചത്. അമ്മയുടെ മരണശേഷം കടുത്ത മാനസിക വേദനയിലായിരുന്ന ഗോവിന്ദയ്ക്ക് ആ നഷ്ടം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ നർമദാ നദീതീരത്തെത്തിയ താരം, അമ്മയെ വീണ്ടും കാണണമെന്ന ചിന്തയിൽ നദിയിലേക്ക് ഇറങ്ങിപ്പോയതായി പറഞ്ഞു.
"ഞാൻ കടുത്ത വേദനയിലായിരുന്നു. ജീവിതത്തിൽ ഇനി ഒന്നുമില്ലെന്ന് തോന്നിയ ഒരു നിമിഷമായിരുന്നു അത്. അമ്മയെ എങ്ങനെയെങ്കിലും വീണ്ടും കാണണം എന്ന ചിന്തയോടെയാണ് നർമദാ നദിയിലേക്ക് ഇറങ്ങിയത്," ഗോവിന്ദ പറഞ്ഞു.
അത് ആത്മഹത്യാശ്രമമായിരുന്നോ എന്ന ചോദ്യത്തിന്, അമ്മയോടുള്ള അതിരറ്റ സ്നേഹവും നഷ്ടത്തിന്റെ ആഘാതവുമാണ് അത്തരമൊരു തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഗോവിന്ദ വ്യക്തമാക്കി. നദിയിലേക്ക് ഇറങ്ങുന്നതിനിടെ രാം കുന്ദൽ എന്ന് ഓർക്കുന്ന ഒരു സാധു തന്നെ സമീപിക്കുകയും പേര് വിളിച്ച് തടയുകയും ചെയ്തതായും താരം ഓർത്തെടുത്തു.
ആ സംഭവമാണ് താൻ കടന്നുപോകുന്ന അവസ്ഥയുടെ ഗൗരവം തിരിച്ചറിയാൻ കാരണമായതെന്നും ഗോവിന്ദ പറഞ്ഞു. തന്റെ മക്കൾക്കായി ജീവിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് ആ സമയത്ത് ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. ആ മാനസികാവസ്ഥയിൽ നിന്ന് പൂർണമായി പുറത്തുകടക്കാൻ 10 മുതൽ 15 ദിവസം വരെ എടുത്തതായും ഗോവിന്ദ കൂട്ടിച്ചേർത്തു.
അമ്മയുടെ മരണം തന്റെ കരിയറിനെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും മാറ്റിമറിച്ചെന്നും താരം പറഞ്ഞു. സിനിമയും അഭിനയവും താരപ്പകിട്ടുമെല്ലാം പിന്നീട് തനിക്ക് താൽക്കാലികമായ കാര്യങ്ങളായി തോന്നിയെന്നും, ജീവിതത്തിലെ യഥാർഥ നേട്ടം കുടുംബത്തിന്റെയും അമ്മയുടെയും ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിഞ്ഞതാണെന്നും ഗോവിന്ദ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
