കൊല്ലം: വിദേശത്ത് പഠനവും ഉയര്‍ന്ന ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്ത് മലയാളി വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വടകര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെഫ് എജ്യുക്കേഷനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജര്‍മനിയില്‍ ഉപരിപഠനം വാഗ്ദാനം ചെയ്തു വിശ്വസിപ്പിച്ച ശേഷമാണ് നാല് വിദ്യാര്‍ഥികളെ ഏജന്‍സി റഷ്യയിലെത്തിച്ച് കൊടുംചതിക്കിരയാക്കിയത്. കൊല്ലം സ്വദേശി ആനന്ദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം സ്വദേശികളായ നാല് വിദ്യാര്‍ഥികളാണ് തട്ടിപ്പിന് ഇരയായത്.
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പരസ്യം കണ്ടാണ് നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള ഈ വിദ്യാര്‍ഥികള്‍ സ്ഥാപനത്തെ സമീപിക്കുന്നത്. ജര്‍മന്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് അഡ്മിഷന് പ്രൊസസിംഗിനായി ആദ്യം അരലക്ഷം രൂപ ഈടാക്കിയിരുന്നു. എന്നാല്‍ ജര്‍മനിയിലേക്ക് പോകാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് റഷ്യയിലെ സര്‍വകലാശാലയില്‍ പ്രവേശനം നല്‍കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഓരോ വിദ്യാര്‍ഥിയില്‍ നിന്നും ആറ് ലക്ഷം രൂപ വീതം വാങ്ങിയ ഏജന്‍സി, ആഴ്ചയില്‍ രണ്ടു ദിവസം മാത്രം പഠനവും ബാക്കി അഞ്ചു ദിവസം പ്രതിദിനം അയ്യായിരം റൂബിള്‍ ശമ്പളത്തില്‍ ജോലിയും ഉറപ്പു നല്‍കിയാണ് വിദ്യാര്‍ഥികളെ റഷ്യയിലേക്ക് അയച്ചത്.
എന്നാല്‍ റഷ്യയിലെ സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ മനസ്സിലാക്കിയത്. പതിനെട്ടു മാസം നീളുന്ന റഷ്യന്‍ ഭാഷാ കോഴ്സിലേക്കാണ് പ്രവേശനം നല്‍കിയതെന്നും ആഴ്ചയില്‍ ആറു ദിവസവും ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഇക്കാലയളവില്‍ ജോലി ചെയ്യാന്‍ നിയമപരമായ അനുമതിയില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. ജോലിയില്ലാതെ റഷ്യയില്‍ പട്ടിണിയിലായ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച സമയത്താണ് ഏജന്‍സിയുടെ റഷ്യന്‍ കോഓര്‍ഡിനേറ്റര്‍ ലഹരിക്കടത്ത് ശൃംഖലയുടെ ഭാഗമാകാന്‍ ഇവരെ നിര്‍ബന്ധിച്ചത്. പ്രതിദിനം ആറായിരം റൂബിള്‍ വാഗ്ദാനം ചെയ്താണ് ലഹരിക്കടത്തിന് പ്രേരിപ്പിച്ചത്.
വിവരം വിദ്യാര്‍ഥികള്‍ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും അവരുടെ അടിയന്തര ഇടപെടല്‍ മൂലം നാലു പേരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുകയുമായിരുന്നു. തുക തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, നോര്‍ക്ക എന്നിവര്‍ക്ക് നല്കിയ പരാതികളെ തുടര്‍ന്നാണ് പൊലീസ് നടപടി ശക്തമാക്കിയത്. അതേസമയം വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നും റഷ്യയില്‍ ക്ലാസില്‍ കയറാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് താക്കീത് നല്‍കിയതിന്റെ പ്രതികാരമാണ് ഈ പരാതിയെന്നുമാണ് പെഫ് എജ്യുക്കേഷന്‍ മാനേജ്മെന്റിന്റെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
