സിഡ്നി: നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ ലഭിക്കാത്തതിനെ തുടർന്ന് താരത്തിന്റെ നേതൃത്വത്തിൽ സിഡ്നിയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചത് വാർത്തയായിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
"ഒരു സങ്കടകരമായ അവസ്ഥയിലാണ് ഞാൻ. 50 വർഷത്തോളമായി ഞാൻ സിനിമയിൽ വന്നിട്ട്. ഒരുപക്ഷേ ഏറ്റവും കൂടുതൽ ഷോ ചെയ്ത ഇന്ത്യൻ അഭിനേതാവ് ഞാനാകും. ഈ വർഷം തന്നെ ജർമനി, യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ ഷോ ചെയ്തിരുന്നു. മികച്ച ഒരു ആശയവുമായാണ് ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചത്. എന്റെ കൂടെയുള്ളവരെല്ലാം അവിടെയുണ്ട്. പക്ഷേ, എനിക്ക് വിസ കിട്ടിയില്ല. എന്റെ ജീവിതത്തിലെ ആദ്യ സംഭവമാണിത്," എന്നാണ് മോഹൻലാൽ പറഞ്ഞത്.
ഗായിക കെ.എസ്. ചിത്ര, മനോജ് കെ. ജയൻ, അജു വർഗീസ്, സ്റ്റീഫൻ ദേവസി ഉൾപ്പെടെയുള്ളവർ പരിപാടിക്കായി സിഡ്നിയിൽ എത്തിയിരുന്നു. എന്നാൽ ഷോയുടെ പ്രധാന ആകർഷണം മോഹൻലാൽ ആയതിനാൽ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
മറ്റൊരു ദിവസം ഷോ നടത്തുമെന്ന് മോഹൻലാൽ അറിയിച്ചു. പരിപാടിക്ക് ടിക്കറ്റ് എടുത്ത ആരാധകരോട് താരം ക്ഷമ ചോദിക്കുകയും ചെയ്തു. തനിക്ക് വിസ ലഭിക്കാത്തതിന്റെ കാരണം വ്യക്തമായി അറിയില്ലെന്നും ക്ലറിക്കൽ പിഴവോ സാങ്കേതിക പ്രശ്നമോ ആയിരിക്കാമെന്നും മോഹൻലാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
വിസ ലഭിക്കാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും താരം വ്യക്തമാക്കി. ദൂരദേശങ്ങളിൽ നിന്ന് ഷോ കാണാനെത്തിയ ആരാധകരോടും ടിക്കറ്റ് എടുത്തവരോടും അദ്ദേഹം ക്ഷമ ചോദിച്ചു.
ഓസ്ട്രേലിയൻ വിസയ്ക്കുള്ള കർശനമായ വ്യവസ്ഥകളാണ് വിസ ലഭിക്കുന്നതിന് തടസമായതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിസ അപേക്ഷയിൽ കൃത്യമായി എന്താണ് പ്രശ്നമായതെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
