ചെന്നൈ: തമിഴ് സിനിമാപ്രേമികൾക്ക് ഏറെ പരിചിതയായ നടിയാണ് ദുഷാര വിജയൻ. 2019ൽ പുറത്തിറങ്ങിയ ‘ബോധൈ യേരി ബുദ്ധി മാരി’ എന്ന ചിത്രത്തിലൂടെയാണ് ദുഷാര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘സർപ്പട്ട പരമ്പരൈ’ (2021), ‘നച്ചത്തിരം നഗർഗിരത്’ (2022), ‘രായൻ’, ‘വേട്ടയ്യൻ’ (2024) തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ വരവിന് പിന്നിലെ പ്രചോദനം സഹോദരിയായിരുന്നുവെന്ന് തുറന്നുപറയുകയാണ് ദുഷാര വിജയൻ. മയോപ്പതി ബാധിച്ച് 10 വർഷം മുൻപ് സഹോദരി മരിച്ചെന്നും, ചെറുപ്പം മുതൽ നൃത്തത്തോടുള്ള തന്റെ താൽപര്യത്തിന് പിന്നിൽ ചേച്ചിയായിരുന്നുവെന്നും ദുഷാര പറഞ്ഞു. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ‘ജിഡിഎൻ’ന്റെ പ്രമോഷന്റെ ഭാഗമായി എസ്.എസ്. മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
താനും അനിയനും ഏകദേശം ഏഴ് വർഷത്തോളം ചെന്നൈയിൽ ഒരുമിച്ചാണ് താമസിച്ചതെന്നും സാങ്കേതികമായി താനാണ് അവന്റെ അമ്മയെപ്പോലെയെന്നും ദുഷാര പറഞ്ഞു. തനിക്ക് രണ്ട് സഹോദരിമാരുണ്ടെന്നും ലീപിക, ദുർഗ എന്നാണ് അവരുടെ പേരുകളെന്നും നടി വ്യക്തമാക്കി.
തന്റെ രണ്ടാമത്തെ സഹോദരി 10 വർഷം മുൻപ് മരിച്ചെന്നും മയോപ്പതി എന്ന രോഗമായിരുന്നു ബാധിച്ചിരുന്നതെന്നും ദുഷാര പറഞ്ഞു. ജനിച്ചപ്പോൾ മുതൽ തന്നെ ചേച്ചിക്ക് കഴുത്തിന് താഴേക്ക് ശരീരം ചലിപ്പിക്കാൻ കഴിയുമായിരുന്നില്ലെന്നും ദൈനംദിന കാര്യങ്ങൾക്കുപോലും മറ്റുള്ളവരുടെ സഹായം ആവശ്യമായിരുന്നുവെന്നും നടി ഓർത്തെടുത്തു.
എന്നാൽ ശാരീരിക പരിമിതികൾക്കിടയിലും ചേച്ചി തന്നെ നൃത്തത്തിലേക്ക് പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് ദുഷാര പറഞ്ഞു. കസേരയിലിരുന്ന് തനിക്ക് എങ്ങനെ കളിക്കണമെന്നും നൃത്തം ചെയ്യണമെന്നും ചേച്ചി പറഞ്ഞുതരുമായിരുന്നു. തന്റെ ജീവിതത്തിലെ പല കാര്യങ്ങളുടെയും തുടക്കം ചേച്ചിയിൽ നിന്നായിരുന്നുവെന്നും ദുഷാര വ്യക്തമാക്കി.
ചേച്ചിയുടെ അവസ്ഥയെ ‘തൊഴാ’ എന്ന ചിത്രത്തിലെ നാഗാർജുന അവതരിപ്പിച്ച കഥാപാത്രവുമായി താരതമ്യം ചെയ്താണ് ദുഷാര വിശദീകരിച്ചത്. ചിത്രത്തിൽ അപകടത്തെ തുടർന്ന് ശരീരം തളർന്നുപോകുന്ന കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിച്ചത്. എന്നാൽ തന്റെ ചേച്ചിക്ക് ജനിച്ചപ്പോൾ മുതൽ തന്നെയാണ് ഈ ശാരീരിക അവസ്ഥ ഉണ്ടായിരുന്നതെന്നും ദുഷാര പറഞ്ഞു.
ചേച്ചിയുമായി തനിക്ക് വളരെ അടുത്ത ബന്ധമായിരുന്നുവെന്നും ഇപ്പോഴും അവരെ ഏറെ മിസ് ചെയ്യുന്നുണ്ടെന്നും ദുഷാര പറഞ്ഞു. പുറത്തേക്ക് പോകുമ്പോൾ ഇപ്പോൾ ദൈവത്തോട് നേരിട്ട് പ്രാർഥിക്കുന്നതിനേക്കാൾ ചേച്ചിയുടെ ചിത്രം നോക്കിയാണ് പ്രാർഥിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
