വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പക്ഷിപ്പനി ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. വാഷിംഗ്ടണ്‍ സംസ്ഥാനത്തെ യാക്കിമ കൗണ്ടിയില്‍ താമസിച്ചിരുന്ന വ്യക്തിയാണ് പക്ഷിപ്പനി മൂലം ഉടലെടുത്ത ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കന്നുകാലികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു ഡയറി ഫാമില്‍ നിന്നാണ് ഇദ്ദേഹത്തിന് എച്ച്5എന്‍1 വൈറസ് ബാധിച്ചതെന്ന് രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രം വ്യക്തമാക്കി. മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗത്തോടെ രാജ്യത്ത് ജനങ്ങള്‍ക്കിടയിലെ പക്ഷിപ്പനി ആശങ്ക വീണ്ടും തലപൊക്കുകയാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാട്ടുപക്ഷികളിലും കോഴികളിലും മൃഗങ്ങളിലും പക്ഷിപ്പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്നുണ്ട്. 2024-ഓടെ അമേരിക്കയിലെ കന്നുകാലികളിലേക്കും രോഗബാധ പടര്‍ന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഈ കാലയളവില്‍ എഴുപതിലധികം ആളുകള്‍ക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അല്ലാതെ, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവില്‍ പൊതുജനങ്ങള്‍ക്കുള്ള അപകടസാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.
മരിച്ച വ്യക്തിയില്‍ കണ്ടെത്തിയ വൈറസിന്റെ ജനിതക ഘടനയില്‍ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ത്തന്നെ വൈറസ് കൂടുതല്‍ തീവ്രമാകാനോ പെട്ടെന്ന് പടര്‍ന്നുപിടിക്കാനോ ഉള്ള സാധ്യതയില്ല എന്നത് ആശ്വാസകരമാണ്. എന്നാലും രോഗബാധിതരായ മൃഗങ്ങളുമായും പക്ഷികളുമായും അടുത്ത് ഇടപഴകുന്ന ഫാം തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
