കൊച്ചി: കോളജ് ഡേയ്ക്ക് ഉദ്ഘാടകനായെത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് പ്രിൻസിപ്പല്‍ ബിനുജ രംഗത്ത്. സർക്കാർ ഉത്തരവ് പാലിക്കണമെന്ന നിർദേശം മാത്രമാണ് താൻ നല്‍കിയത് എന്നാണ് ബിനുജയുടെ വിശദീകരണം.
പരിപാടിയുടെ ഭാഗമായി നേരത്തെ എടുത്ത തീരുമാനം ലംഘിക്കുന്നത് കണ്ടാണ് ഇടപെട്ടതെന്നും പ്രിൻസിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പരിപാടിയുടെ ഭാഗമായി നേരത്തെ കുട്ടികളുമായി ചർച്ച ചെയ്ത് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ആ തീരുമാനം ലംഘിക്കുന്നതു കണ്ടാണ് ഇടപെട്ടത്. കുട്ടികളാണ് ഗസ്റ്റിനെ വിളിച്ചത്. പരിപാടിയുടെ ഭാഗമായുള്ള നിയമവശങ്ങള്‍ ജാസി ഗിഫ്റ്റിന് അറിയില്ലായിരിക്കുമെന്നും പ്രിൻസിപ്പല്‍ കൂട്ടിച്ചേർത്തു.
2015ല്‍ സി.ഇ.ടിയില്‍ ഒരു അപകടത്തെ തുടർന്ന് ഇറക്കിയ ഉത്തരവില്‍ കാംപസുകളില്‍ കുട്ടികളുടെ പരിപാടി അല്ലാതെ പുറത്തുനിന്നുള്ള പരിപാടികള്‍ പാടില്ലെന്ന് ഉത്തരവുണ്ടായിരുന്നുവെന്നും സംഗീത പരിപാടികളോ ഡി.ജെ പരിപാടികളോ ഒന്നും പാടില്ല എന്നും നിർദ്ദേശം ഉണ്ടായിരുന്നു. തുടർന്ന് കോളജ് ഡേയ്ക്ക് ജാസി ഗിഫ്റ്റ് ആണ് വരുന്നതെന്നു പറഞ്ഞപ്പോള്‍ ഉദ്ഘാടനത്തോടൊപ്പം പാടാൻ മാത്രമേ പറ്റൂവെന്നു പറഞ്ഞിരുന്നു. കൂടെ ആരും പാടാൻ പാടില്ലെന്നും അതു പുറത്തുനിന്നുള്ള പരിപാടി ആകുമെന്നും കുട്ടികള്‍ക്കു നിർദേശം നല്‍കിയിരുന്നു എന്നും പ്രിൻസിപ്പൽ വിശദീകരിക്കുന്നു.
''ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം പാടാൻ തുടങ്ങി. ആദ്യം ജാസി ഗിഫ്റ്റ് പാടി. അതിനുശേഷം മറ്റൊരാള്‍കൂടി അദ്ദേഹത്തോടപ്പം പാടാൻ തുടങ്ങി. ഡാൻസ് ഒക്കെയുണ്ടായിരുന്നു. ഇതോടെ എനിക്ക് ടെൻഷനായി. അവിടെ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. എനിക്കും മാനേജർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞിരുന്നു. അടുത്ത പാട്ട് പാടുന്നതിനുമുൻപ് മൈക്ക് തിരിച്ചുചോദിക്കുകയായിരുന്നു. അദ്ദേഹം തരികയും ചെയ്തു. മൈക്ക് തട്ടിപ്പറിച്ചിട്ടില്ല '' എന്നാണ് പ്രിൻസിപ്പൽ പറയുന്നത്.
ജാസി ഗിഫ്റ്റ് മാത്രം പാടുകയാണെങ്കില്‍ തുടരാമെന്ന് അവിടെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, രണ്ടുപേർ ചേർന്നാണ് പ്രാക്ടീസ് ചെയ്തതെന്നും അല്ലാതെ പാടാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ജാസി ഗിഫ്റ്റിനെ തടഞ്ഞതില്‍ മതപരമോ ജാതീയമോ ആയ അധിക്ഷേപ ചിന്തയൊന്നും തനിക്കില്ലെന്നും ബിനുജ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്