കെ-പോപ്പ് മെഗാസ്റ്റാറുകളായ ബിടിഎസ്, നാല് വർഷത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ വേൾഡ് ടൂറിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ബിടിഎസിന്റെ ലോക പര്യടനം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് ബാൻഡിന്റെ ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ലോകമെമ്പാടും വലിയ തരംഗം സൃഷ്ടിച്ച ഈ ദക്ഷിണ കൊറിയൻ ബാൻഡ് സൈനിക സേവനത്തിന് ശേഷം വലിയൊരു തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. 'ഡൈനാമൈറ്റ്', 'ബട്ടർ' തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയരായ ബിടിഎസ്, സ്‌പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ബാൻഡ് എന്ന റെക്കോർഡിന് ഉടമകളാണ്.
എന്നാൽ ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിനായി അംഗങ്ങൾ പോയതിനാൽ 2022 ന് ശേഷം ഇവർ സംഗീത പരിപാടികളോ ആൽബങ്ങളോ പുറത്തിറക്കിയിരുന്നില്ല. 30 വയസിന് താഴെയുള്ള യുവാക്കൾ സൈനിക സേവനം നടത്തണമെന്നത് ദക്ഷിണ കൊറിയയിൽ നിർബന്ധമാണ്. ബാൻഡിലെ ഏഴ് അംഗങ്ങളും സൈനിക സേവനം പൂർത്തിയാക്കിയതോടെ മാർച്ച് മാസത്തിൽ പുതിയ ആൽബം പുറത്തിറക്കുമെന്നും തൊട്ടടുത്ത മാസം ടൂർ ആരംഭിക്കുമെന്നും പുതുവത്സരത്തിൽ ഇവരുടെ മ്യൂസിക് ലേബലായ ഹൈബ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ തങ്ങളുടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ബാന്റ്.
അതേസമയം 34 നഗരങ്ങളിലായി 79 ഷോകളാണ് വേൾഡ് ടൂറിന്റെ ഭാഗമായി ബിടിഎസ് നടത്തുക എന്നാണ് ലഭിക്കുന്ന വിവരം. ഒരു കെ-പോപ്പ് ബാൻഡ് നടത്തുന്ന ഏറ്റവും വലിയ ഏകാംഗ പര്യടനമായിരിക്കും ഇതെന്നും ഹൈബ് അറിയിച്ചു.
ഏപ്രിൽ ഒൻപതിന് ദക്ഷിണ കൊറിയയിലെ ഗോയാങ്ങിൽ നിന്നാകും ബിടിഎസിന്റെ യാത്ര ആരംഭിക്കുക. തുടർന്ന് ജപ്പാനിലേക്ക് പോകും. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഷോകൾക്ക് ശേഷം 2027 മാർച്ചിൽ മനിലയിൽ പര്യടനം അവസാനിക്കും. ജപ്പാനിലും മിഡിൽ ഈസ്റ്റിലും കൂടുതൽ ഷോകൾ ഉണ്ടാകുമെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
