കേരളത്തിലും തമിഴ്നാട്ടിലും വന്‍ വിജയമായ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ പേരില്‍ മലയാളികള്‍ക്കെതിരെ വിമർശനവുമായി തമിഴ് മലയാളി എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി.ജയമോഹന്‍.
'കുടിച്ചു കൂത്താടുന്ന തെണ്ടികള്‍' (കുടികാര പൊറുക്കികളിന്‍ കൂത്താട്ടം) എന്ന് മഞ്ഞുമ്മല്‍ ബോയിസിനെ വിശേഷിപ്പിച്ച തലക്കെട്ടില്‍ എഴുതിയ ബ്ലോഗ് പോസ്റ്റാണ് വിവാദമായത്. സാധാരണക്കാരെ കുറിച്ചുള്ള കഥ എന്ന പേരില്‍ 'പൊറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണെന്ന് ജയമോഹന്‍ വിമര്‍ശിച്ചു.
മദ്യപാനവും വ്യഭിചാരവും സാമാന്യവത്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ സിനിമയെ വിമര്‍ശിച്ചും തുടരെത്തുടരെ മലയാളികളെയും കേരളത്തെയും ആക്ഷേപിച്ചുമാണ് ജയമോഹന്‍റെ ബ്ലോഗ്.
മയക്കുമരുന്ന് അടിമകളായ എറണാകുളത്തെ ഒരു സംഘം മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരിക്കേസുകളില്‍ മലയാള സിനിമാ താരങ്ങള്‍ അറസ്റ്റിലാകുന്നത് വാര്‍ത്തകളില്‍ പലപ്പോഴും കാണാറുണ്ട്.
കേരളത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ടെങ്കില്‍ ഈ സിനിമാക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തമിഴ്നാട്ടില്‍ ഇത്തരം സിനിമകള്‍ ആഘോഷിക്കുന്നവരെ താന്‍ തെമ്മാടികളായി കണക്കാക്കുമെന്നും ജയമോഹന്‍ എഴുതി.
'മഞ്ഞുമ്മല്‍ ബോയ്സ് എന്നെ അലോസരപ്പെടുത്തിയ ഒരു സിനിമയാണ്. അതിന് കാരണം അത് കെട്ടുകഥയല്ല എന്നത് തന്നെയാണ്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ത്ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്.
മദ്യപിക്കാനും ഛര്‍ദ്ദിക്കാനും സ്ഥലങ്ങളില്‍ അതിക്രമിച്ച് കയറാനും വീഴാനുമല്ലാതെ മറ്റൊന്നും മലയാളികള്‍ക്ക് അറിയില്ല. ഊട്ടി, കൊടൈക്കനാല്‍, കുറ്റാലം ഭാഗങ്ങളില്‍ മദ്യപാനികള്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ടിട്ടുണ്ട്. അവരൊക്കെ അത് അഭിമാനത്തോടെയാണ് സിനിമയില്‍ കാണിക്കുന്നത്' ജയമോഹന്‍ കുറിച്ചു.
സിനിമയുടെ അവസാനം ഒരാള്‍ക്ക് ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചതായി പറയുന്നു. നിയമപ്രകാരം അയാളെ ജയിലില്‍ അടയ്ക്കണമെന്നും ജയമോഹന്‍ വിമര്‍ശിച്ചു. കന്യാകുമാരിയില്‍ ജനിച്ച ജയമോഹന്‍, പൊന്നിയന്‍ സെല്‍വന്‍, ഇന്ത്യന്‍ 2 തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. ഒഴിമുറി, കാഞ്ചി, വണ്‍ ബൈ റ്റു എന്നിവയാണ് ജയമോഹന്‍ തിരക്കഥ ഒരുക്കിയ മലയാള സിനിമകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്