ബാല-അമൃത വിഷയമാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ. ബാലയ്ക്ക് മറുപടിയായി മകൾ പാപ്പു വീഡിയോ ചെയ്തതോടെയാണ് ഇവരുടെ കുടുംബ വിഷയം വീണ്ടും ചർച്ചയാകുന്നത്. ഇതിന് വളരെ വൈകാരികമായി ബാലയും വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് മറുപടിയായി അമൃതയും തന്റെ കാര്യങ്ങൾ വിശദീകരിക്കുകയാണ്.
ബാലയുമായി പിരിയാനുള്ള കാരണം ആദ്യമായി തുറന്നുപറയുകയാണ് അമൃത. ശാരീരികവും മാനസികവുമായ പീഡനം സഹിക്ക വയ്യാതെ വീടു വിട്ടിറങ്ങിയതാണെന്ന് അമൃത പറഞ്ഞു. മകളെ ഇനിയും സൈബർ ആക്രമണം ചെയ്ത് ഉപദ്രവിക്കരുതെന്നും അമൃത അപേക്ഷിച്ചു.
അമൃതയുടെ വാക്കുകൾ ഇങ്ങനെ
ത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു. മകളുടെ കാര്യമായത് കൊണ്ടാണ് പറയുന്നത്. മകളുടെ പേരിൽ ഒരു വ്യാജ വാർത്ത വന്നിരുന്നു. മകൾക്ക് കോവിഡ് വന്നിട്ട് ഞാൻ ബാലചേട്ടനെ കാണിച്ചില്ല എന്ന് പറഞ്ഞ്. പിന്നീട് ചാനലുകാർ വന്ന് സത്യാവസ്ഥ മനസ്സിലാക്കി. അവർക്ക് ബാലചേട്ടൻ നൽകിയ വ്യാജ വാർത്തയായിരുന്നു അത്. ഞാൻ മിണ്ടാതിരിക്കുന്നതുകൊണ്ട് ഒരുഭാഗം മാത്രമേ കേൾക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ അത്രത്തോളം എല്ലാവരും എന്നെ വെറുക്കുന്നുണ്ടെന്ന് അറിയാം. ആ വെറുപ്പ് മാറ്റാൻ ഞാൻ ശ്രമിച്ചിട്ടില്ല.
മകൾ പറഞ്ഞതിൽ കുറച്ച് കാര്യങ്ങൾ ഞാൻ വ്യക്തത വരുത്താം. ഞാൻ മകളെ ബ്രെയ്ൻ വാഷ് ചെയ്തുവെന്നാണ് പ്രധാന ആരോപണം. ആശുപത്രിയിൽ വയ്യാതെ കിടക്കുമ്പോൾ മകൾ ലാപ്പ്ടോപ്പ് വാങ്ങിത്തരണമെന്ന് പറഞ്ഞുവെന്നാണ് ബാല ചേട്ടൻ അഭിമുഖത്തിൽ പറഞ്ഞത്. അത് കണ്ടപ്പോൾ മകൾ എന്നോട് ചോദിച്ചു, എന്തിനാണ് അച്ഛൻ ഇങ്ങനെ കള്ളം പറയുന്നതെന്ന്.
കോടതിയിൽ നിന്ന് മകളെ വലിച്ചിഴച്ചാണ് വണ്ടിയിൽ കയറ്റി കൊണ്ടുപോയത്. ഇതെല്ലാം അവൾ അനുഭവിച്ചതാണ്. അവൾ കുഞ്ഞുവാവ ആയിരിക്കുമ്പോൾ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജോലിക്കാരാണ് അവൾക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി എടുത്ത് കൊണ്ടുപോയിരുന്നത്. ഇവരെല്ലാം വിവാഹമോചനത്തിന്റെ സമയത്ത് സാക്ഷി പറഞ്ഞത്.
ഞാൻ എന്ത് തെറ്റാണ് ചെയ്തത്. പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്നേഹിച്ചു. അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാൻ ആ വീട്ടിൽ കിടന്നിട്ടുണ്ട്. എനിക്ക് വീട്ടിൽ പറയാൻ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. ബാല ചേട്ടന് എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാൻ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തിൽ പിന്മാറാൻ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാൻ തയ്യാറായില്ല. ഉപദ്രവം കൂടി വന്നപ്പോൾ മകളെ ബാധിച്ചു തുടങ്ങിയപ്പോൾ ആ വീട്ടിൽ നിന്ന് ഓടിയതാണ്. കോടികൾ എടുത്ത് കൊണ്ടല്ല ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു.
ജീവിച്ചു പോകാൻ അനുവദിക്കണം. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ. എന്റെ മകളെ സൈബർബുള്ളിയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പക്കരുത്- അമൃത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്