ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി ചോദിച്ചു. ഭരണഘടനാബെഞ്ച് കേസ് കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക ചോദ്യം ഉണ്ടായത്.
കേസില്‍ ബിന്ദു അമ്മിണിയുടെയും കനകദുര്‍ഗയുടെയും ഭാഗത്ത് നിന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് വാദം അവതരിപ്പിച്ചു. ഇതിനിടെയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന ഇരുവരും ഹിന്ദു വിശ്വാസികളാണോയെന്ന് ചോദിച്ചത്. ഇരുവരും ഹിന്ദു വിശ്വാസികളാണെന്നും, ബിന്ദു അമ്മിണി ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇന്ദിരാ ജയ്‌സിംഗ് കോടതിയെ അറിയിച്ചു.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും മല കയറിയത്. തുടര്‍ന്ന് ഇരുവര്‍ക്കും വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകളും ആക്രമണങ്ങളും നേരിടേണ്ടി വന്നതായി വാദത്തില്‍ ചൂണ്ടിക്കാട്ടി. ബിന്ദു അമ്മിണിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായതും കേരളം വിടേണ്ടിവന്നതും, കനകദുര്‍ഗയ്ക്ക് കുടുംബപ്രശ്‌നങ്ങള്‍ നേരിട്ടതുമാണ് വിശദീകരിച്ചത്.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധി ഇപ്പോഴും നിലവിലുണ്ടെന്നും ഇന്ദിരാ ജയ്‌സിംഗ് വ്യക്തമാക്കി. ശബരിമല റഫറന്‍സ് കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത് പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുവതീപ്രവേശനത്തെ അനുകൂലിച്ച് 15-ല്‍ അധികം കക്ഷികള്‍ വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, മതാചാരങ്ങളില്‍ അവിശ്വാസികള്‍ എന്തിന് ഇടപെടുന്നു, പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ വിശ്വാസങ്ങളുടെ ആചാരങ്ങളെ എങ്ങനെ ചോദ്യം ചെയ്യാം എന്നീ നിരീക്ഷണങ്ങളും സുപ്രീംകോടതി മുന്‍പ് നടത്തിയിരുന്നു. ഇന്നലെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
