കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ ശൈശവ വിവാഹം നടന്ന സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 16 വയസ്സുകാരിയെ 28 വയസ്സുകാരനായ പ്രവാസി വിവാഹം കഴിച്ച സംഭവത്തിലാണ് നടപടി ഉണ്ടായത്. കോടതി നിർദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു.
ഈ മാസം 13-ന് എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദിൽ വെച്ചാണ് വിവാഹം നടന്നത്. അന്വേഷണത്തിൽ ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന സാബിർ ഷെയ്ക്ക് എന്ന 28 വയസ്സുകാരൻ 16 വയസ്സുകാരിയെ വിവാഹം കഴിച്ചതായി കണ്ടെത്തി.
ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചു. ബാലവിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി സ്ഥിരീകരിക്കുകയും റിപ്പോർട്ട് ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി പൊലീസിന് നിർദേശം നൽകി.
വരനായ സാബിർ ഷെയ്ക്ക്, പെൺകുട്ടിയുടെ പിതാവ്, മസ്ജിദ് സെക്രട്ടറി കൂടിയായ പടന്ന ഗ്രാമപഞ്ചായത്ത് അംഗം പി. കെ. താജുദ്ദീൻ, വിവാഹം നടത്തിയ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമമുണ്ടെന്നാരോപിച്ച് അഭിഭാഷകൻ കുളത്തൂർ ജയ്സിംഗ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. അതേസമയം, വിവാഹം നടന്നിട്ടില്ല, ഉറപ്പിക്കൽ ചടങ്ങ് മാത്രമാണെന്നുമാണ് പെൺകുട്ടിയുടെയും വരന്റെയും ബന്ധുക്കളുടെ വിശദീകരണം.
വിവാഹം നടന്നതിന്റെ ദൃശ്യങ്ങളും രേഖകളും കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവ വിവാദമായതിനെ തുടർന്ന് വരൻ ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
