ന്യൂഡെല്‍ഹി: സുരക്ഷാ അനുമതി റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ച് തുര്‍ക്കി ആസ്ഥാനമായ എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവന കമ്പനിയായ സെലെബി. 'അവ്യക്തമായ' ദേശീയ സുരക്ഷാ ആശങ്കകള്‍ യുക്തിരഹിതമായി ഉന്നയിച്ചാണ് സുരക്ഷാ അനുമതി റദ്ദാക്കിയതെന്ന് കമ്പനി ആരോപിച്ചു.
പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയുടെ നിലപാടിനെക്കുറിച്ച് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന പൊതുജന രോഷത്തിനിടെയാണ് 'ദേശീയ സുരക്ഷാ താല്‍പ്പര്യം' കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കിയത്.
കമ്പനിക്ക് ഒരു മുന്നറിയിപ്പും നല്‍കാതെയാണ് സര്‍ക്കാര്‍ സുരക്ഷാ അനുമതി റദ്ദാക്കിയതെന്ന് സെലെബി ഹര്‍ജിയില്‍ ആരോപിച്ചു. കമ്പനിയുടെ 3,791 ജീവനക്കാരെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ഈ നടപടി ബാധിക്കുമെന്ന് സെലെബി വാദിക്കുന്നു. സ്ഥാപനം ദേശീയ സുരക്ഷയ്ക്ക് എങ്ങനെ ഭീഷണിയാണെന്ന് വിശദീകരിക്കാതെയാണ് നടപടിയെന്നും സെലെബി പറയുന്നു.
തങ്ങളുടെ ഓഹരി ഉടമകള്‍ തുര്‍ക്കിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും ഗ്രൂപ്പിന്റെ അന്തിമമായുള്ള നിയന്ത്രണം തുര്‍ക്കിയുമായി ബന്ധമില്ലാത്ത കമ്പനികളാണ് നിര്‍വഹിക്കുന്നതെന്ന് സെലെബി പറഞ്ഞു. കേസ് ഡെല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ സാധ്യതയുണ്ട്.
സെലെബിയെ നിരോധിക്കണമെന്ന് ഇന്ത്യയിലുടനീളം നിന്ന് സര്‍ക്കാരിന് അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി വ്യാഴാഴ്ച സെലെബിയുടെ അനുമതി റദ്ദാക്കിക്കൊണ്ട്, വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവവും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ആഹ്വാനവും തിരിച്ചറിഞ്ഞുകൊണ്ട് നടപടിയെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി, കേരളം, ബെംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവനങ്ങള്‍ സെലെബി നല്‍കി വരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്