ന്യൂഡൽഹി: എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയി, രാധിക റോയ് എന്നിവർക്കെതിരെ 2016 മാർച്ചിൽ പുറപ്പെടുവിച്ച ആദായനികുതി പുനർനിർണ്ണയ നോട്ടീസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി.
ആദായനികുതി വകുപ്പിന് കോടതി രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. ഈ തുക ഹർജിക്കാർക്കിടയിൽ വിതരണം ചെയ്യാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ദിനേശ് മേത്ത, വിനോദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എൻ.ഡി.ടി.വിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന് നൽകിയ പലിശരഹിത വായ്പകളുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നത്. ഒരിക്കൽ പരിശോധിച്ചു തീർപ്പാക്കിയ കാര്യങ്ങളിൽ വീണ്ടും അന്വേഷണം നടത്തുന്നത് നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു.
മുമ്പ് പരിശോധിച്ചു തീർപ്പാക്കിയ സാമ്പത്തിക ഇടപാടുകളുടെ പേരിൽ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും എതിരെ വീണ്ടും അന്വേഷണം നടത്താനുള്ള ആദായനികുതി വകുപ്പിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
2017 നവംബറിലാണ് റോയ് ദമ്പതികൾ ഹൈകോടതിയെ സമീപിച്ചത്. ഒരേ നികുതി വർഷത്തെ കാര്യങ്ങൾക്കായി രണ്ടാം തവണയാണ് അധികൃതർ നോട്ടീസ് അയക്കുന്നതെന്ന് അവർ വാദിച്ചു. നേരത്തെ 2011ൽ ഇതേ കാര്യത്തിൽ പുനർനിർണയം നടത്തുകയും 2013ൽ അത് പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
