വെറും രണ്ട് മണിക്കൂര്‍ കൂടിക്കാഴ്ചയില്‍ ഇന്ത്യ-യുഎഇ നിര്‍ണ്ണായക കരാറുകള്‍

JANUARY 19, 2026, 11:42 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎഇ തന്ത്രപരമായ പങ്കാളിത്തത്തിന് കരുത്തേകുന്ന നിര്‍ണായക കരാറുകള്‍ക്ക് ഇരു രാജ്യങ്ങളും തമ്മില്‍ധാരണയായി. വെറും രണ്ട് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന സന്ദര്‍ശനമായിരുന്നിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന സുപ്രധാന തീരുമാനങ്ങളും കരാറുകളുമാണ് ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായത്. 

ആണവോര്‍ജ്ജം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രതിരോധം, ഊര്‍ജ്ജ സുരക്ഷ തുടങ്ങിയ നിര്‍ണ്ണായക മേഖലകളിലൂന്നിയ ചര്‍ച്ചകള്‍ നടന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ യുഎഇയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്ന സുപ്രധാനമായ 10 വര്‍ഷത്തെ എല്‍എന്‍ജി വിതരണ കരാര്‍ ഈ കൂടിക്കാഴ്ചയില്‍ പ്രഖ്യാപിക്കപ്പെട്ടു. 

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും അഡ്‌നോക് ഗ്യാസും തമ്മിലുള്ള ഈ കരാര്‍ പ്രകാരം 2028 മുതല്‍ പ്രതിവര്‍ഷം 0.5 ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ഇന്ത്യയ്ക്ക് ലഭിക്കും. സാമ്പത്തിക മേഖലയിലും വലിയ ലക്ഷ്യങ്ങളാണ് ഇരുരാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറില്‍ എത്തിയതായും 2032-ഓടെ ഇത് 200 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

ആദ്യമായി സിവില്‍ ആണവ സഹകരണ മേഖലയിലേക്കും ഇരുരാജ്യങ്ങളും കടക്കുകയാണ്. അത്യാധുനിക ആണവ സാങ്കേതികവിദ്യകള്‍, സ്‌മോള്‍ മോഡുലാര്‍ റിയാക്ടറുകള്‍ എന്നിവ വികസിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ തീരുമാനമായി. ഇന്ത്യ നടപ്പിലാക്കിയ 'ശാന്തി' നിയമം അന്താരാഷ്ട്ര ആണവ സഹകരണത്തിന് പുതിയ വഴികള്‍ തുറന്നിരിക്കുകയാണ്. സാങ്കേതിക മേഖലയില്‍, ഇന്ത്യയില്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടിങ് ക്ലസ്റ്റര്‍ സ്ഥാപിക്കാനും 'ഡിജിറ്റല്‍ എംബസികള്‍' എന്ന പുതിയ ആശയം പരീക്ഷിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. 2026 ഫെബ്രുവരിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെ ശൈഖ് മുഹമ്മദ് പിന്തുണ അറിയിച്ചു.

കൂടാതെ പ്രതിരോധ മേഖലയില്‍ ഒരു 'സ്ട്രാറ്റജിക് ഡിഫന്‍സ് പാര്‍ട്ണര്‍ഷിപ്പ്' കെട്ടിപ്പടുക്കുന്നതിനായുള്ള താല്‍പ്പര്യപത്രവും ഒപ്പുവെച്ചു. ഭീകരവാദത്തെയും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നേതാക്കള്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam