ഡല്‍ഹി: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരണപ്പെട്ട രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിപ്പോയെന്ന ആരോപണത്തില്‍ മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍.
ഇന്നലെയായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തത്തില്‍പ്പെട്ട രണ്ട് യുകെ പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിപ്പോയെന്ന ആരോപണം ഉയർന്നത്.
പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതെന്നും തികഞ്ഞ ആദരവോടെയാണ് മൃതദേഹങ്ങള്‍ കൈമാറിയതെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
യുകെ സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. കുടുംബങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് യുകെ അധികൃതരുമായി തുടര്‍ന്നും സഹകരിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
യുകെ പൗരന്മാരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ ജെയിംസ് ഹീലി പ്രാറ്റാണ് ആരോപണവുമായി രംഗത്തെത്തിയത്. യുകെയില്‍ എത്തിച്ച മൃതദേഹങ്ങളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മരിച്ചവരുടെ ഡിഎന്‍എ കുടുംബങ്ങളുടെ ഡിഎന്‍എയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെളിഞ്ഞതായി ജെയിംസ് ഹീലി ആരോപിച്ചിരുന്നു. മൃതദേഹങ്ങള്‍ മാറിപ്പോയ സംഭവം കുടുംബങ്ങളെ അതീവ ദുഃഖത്തിലാക്കിയെന്നും എയര്‍ ഇന്ത്യയില്‍ നിന്നടക്കമുളള ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായി മരിച്ചവരുടെ കുടുംബങ്ങള്‍ കാത്തിരിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്