ന്യൂഡെല്‍ഹി: ത്രിഭാഷാ പഠന സമ്പ്രദായത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യസഭാ എംപിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപകയുമായ സുധാ മൂര്‍ത്തി. കഴിയുന്നത്ര ഭാഷകള്‍ പഠിക്കുന്നത് ഗുണകരമാണെന്ന് സുധാ മൂര്‍ത്തി പറഞ്ഞു.
''ഒരാള്‍ക്ക് ഒന്നിലധികം ഭാഷകള്‍ പഠിക്കാന്‍ കഴിയുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു, എനിക്ക് തന്നെ 7-8 ഭാഷകള്‍ അറിയാം. എനിക്ക് എപ്പോഴും പഠനം ഇഷ്ടമാണ്, കുട്ടികള്‍ക്ക് ധാരാളം പഠിക്കാന്‍ കഴിയും.'' സുധാ മൂര്‍ത്തി പറഞ്ഞു.
അതേസമയം തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം മൂന്നാം ഭാഷ നിര്‍ബന്ധമാക്കുന്നതിനെ ശക്തമായി എതിര്‍ത്തു. തമിഴ്നാടിന് നിലവിലുള്ള ഇംഗ്ലീഷ്, തമിഴ് സമ്പ്രദായത്തില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം വാദിച്ചു. ''ഇംഗ്ലീഷ്, തമിഴ് എന്നീ ദ്വിഭാഷാ ഫോര്‍മുല തമിഴ്നാടിന് വളരെ നല്ലതാണ്. ഇംഗ്ലീഷ് നമ്മെ വാണിജ്യ, ശാസ്ത്ര ലോകവുമായി ബന്ധിപ്പിക്കുന്നു, തമിഴ് നമ്മുടെ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കുന്നു, ''അദ്ദേഹം പറഞ്ഞു.
നേരത്തെ, രാജ്യസഭയില്‍ സംസാരിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ഭാഷയെ ഭിന്നിപ്പിക്കാനുള്ള ഒരു ഉപകരണമായി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളെ ശക്തമായി എതിര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അത്തരമൊരു 'പാപം' ചെയ്യില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
ത്രിഭാഷാ നയത്തോടുള്ള എതിര്‍പ്പിന് തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിമര്‍ശിച്ചു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ കുഴപ്പം സൃഷ്ടിക്കുകയും കുട്ടികളുടെ പഠനാവകാശം നിഷേധിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ ആരോപിച്ചു. കാട്ടുഭാഷയെന്നാണ് തമിഴിനെ ഡിഎംകെയുടെ ആരാധ്യ പുരുഷനായ പെരിയോര്‍ ഇവി രാമസ്വാമി അധിക്ഷേപിച്ചിരുന്നതെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്