ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ അജ്ഞാതരായ ഒരു സംഘം ഒരു ദളിത് വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. 11 ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിരലുകള്‍ മുറിച്ചു.
തിങ്കളാഴ്ച രാവിലെ പകലയംകോട്ടയിലെ തന്റെ വീട്ടില്‍ നിന്ന് പരീക്ഷ എഴുതാന്‍ പാളയംകോട്ടയിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന ദേവേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ആക്രമിക്കപ്പെട്ടത്.
വഴിയില്‍ മൂന്ന് പേര്‍ ബസ് തടഞ്ഞുനിര്‍ത്തി ദേവേന്ദ്രനെ ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് ഇടതുകൈയുടെ വിരലുകള്‍ മുറിച്ചുമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവ് തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചതായും തലയില്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ജില്ലയുടെ തെക്കന്‍ ഭാഗത്തുള്ള അരിയാനയഗപുരം ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിലെ തൊഴിലാളിയായിരുന്നു തങ്ക ഗണേഷ്.
മറ്റ് യാത്രക്കാര്‍ ഇടപെട്ടപ്പോള്‍ അക്രമി സംഘം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ദേവേന്ദ്രനെ ശ്രീവൈകുണ്ഡം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി, അവിടെ വിരലുകള്‍ തുന്നിച്ചേര്‍ക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്തു.
ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
അടുത്തിടെ നടന്ന ഒരു കബഡി മത്സരത്തില്‍ മറ്റൊരു ജാതിയിലുള്ളവരെ പരാജയപ്പെടുത്തുന്നതില്‍ ദേവേന്ദ്രന്‍ നിര്‍ണായക പങ്കുവഹിച്ചെന്നും ഇതിനുള്ള പ്രതികാരമായിട്ടാണ് അക്രമമെന്നും കുടുംബം പറഞ്ഞു. ദേവേന്ദ്രന്‍ ഒരു മികച്ച കബഡി കളിക്കാരനാണെന്ന് പറയപ്പെടുന്നു.
ഇത് ജാതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണെന്ന് ദേവേന്ദ്രന്റെ പിതാവും പറഞ്ഞു. അടുത്ത ഗ്രാമത്തിലെ തേവര്‍ സമുദായത്തില്‍പ്പെട്ട മൂന്ന് പേരാണ് ആക്രമിച്ചതെന്നും തങ്ങള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും തങ്ക ഗണേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്