മലപ്പുറം: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വാഹനാപകടത്തില്‍പെട്ടവര്‍ക്ക് ചികില്‍സ നിഷേധിച്ചതായി പരാതി. ഓട്ടോ മറിഞ്ഞ് കാലിന് പരിക്കേറ്റ യുവതി ഡോക്ടറെ കാത്തിരുന്നത് അരമണിക്കൂറാണ്. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
പരിക്കേറ്റ എ.ആര്‍ നഗര്‍ ചെണ്ടപ്പുറായ സ്വദേശി ഉഷ, മകള്‍ നിഥാന എന്നിവര്‍ക്കാണ് ചികില്‍സ കിട്ടാതിരുന്നത്. ഫെബ്രുവരി 28-ന് രാത്രിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞ് ഉഷക്കും മകള്‍ നിഥാനക്കും പരിക്കേറ്റത്. രാത്രി പത്തേമുക്കാലോടെ തിരൂരങ്ങാടി ആശുപത്രിയിലെത്തിയ അമ്മക്കും മകള്‍ക്കും അരമണിക്കൂര്‍ കാത്തിരുന്നിട്ടും ചികില്‍സ കിട്ടിയില്ലെന്നാണ് പരാതി.
തിരൂരങ്ങാടിയിലെ സമീപത്തെ ക്ഷേത്രത്തില്‍ നൃത്തപരിപാടിക്കെത്തിയവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയാണ് മറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഓട്ടോറിക്ഷ കാലിന് മുകളിലേക്ക് വീണ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഇവരെ ക്വാഷാലിറ്റിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ പരിശോധിക്കാന്‍ എത്തിയില്ല.
കൂടെയുണ്ടായിരുന്നവര്‍ നിരവധി തവണ ഡോക്ടറോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. ഫോണില്‍ മണിക്കൂറോളം സംസാരിക്കുകയായിരുന്നെന്നും തന്നെ വന്നു നോക്കാന്‍പോലും മുതിര്‍ന്നില്ലെന്നും യുവതി പറയുന്നു. തുടര്‍ന്ന് രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ തേടിയത്.
ചികിത്സ നിഷേധിച്ചതിനെതിരെ ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് ജയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഉഷയും കുടുംബവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്