ന്യൂഡല്‍ഹി: സ്വര്‍ണം ഈടായി നല്‍കുകയാല്‍ വളരെ എളുപ്പത്തില്‍ വായ്പ ലഭിക്കും. പണയ ഇടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയങ്ങളില്‍ മാത്രമാണ് നമുക്ക് ഇത്തരത്തില്‍ ഏതൊരു വായ്പയും ലഭിക്കുകയുള്ളു. എന്നാല്‍ എടിഎം വഴി സ്വര്‍ണം പണയം വെക്കാനുള്ള സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. വാറങ്കലിലാണ് എഐ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഗോള്‍ഡ് ലോണ്‍ എടിഎം സെന്‍ട്രല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം.
വെള്ളിയാഴ്ച ബാങ്കിന്റെ വാറങ്കല്‍ ശാഖയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ എം വി റാവു ഈ അത്യാധുനിക എ ടി എം ഉദ്ഘാടനം ചെയ്തു. എ ഐ-പവര്‍ഡ് ഗോള്‍ഡ് ലോണ്‍ എ ടി എം സാമ്പത്തിക മേഖലയില്‍ ഒരു ഗെയിം-ചേഞ്ചര്‍ ആയിരിക്കുമെന്ന് എം വി റാവു അഭിപ്രായപ്പെട്ടു. ആധാറും മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനും ഉപയോഗിച്ച് വെറും 10 മുതല്‍ 12 മിനിറ്റിനുള്ളില്‍ സ്വര്‍ണ്ണ വായ്പയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
എ ടി എമ്മില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബോക്‌സിലാണ് ഉപഭോക്താവ് കൊണ്ടുവരുന്ന സ്വര്‍ണ്ണാഭരണം വെക്കേണ്ടത്. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും സ്വര്‍ണ്ണാഭരണങ്ങളുടെ ഗുണനിലവാരവും ഭാരവും വിലയിരുത്തുക. സുതാര്യത ഉറപ്പാക്കിക്കൊണ്ട് നിലവിലെ വിപണി വിലയെ അടിസ്ഥാനമാക്കിയുള്ള വായ്പ അപ്പോള്‍ തന്നെ അനുവദിക്കും.
ലോണ്‍ ആയി അനുവദിക്കുന്ന തുകയുടെ 10 ശതമാനം മാത്രമായിരിക്കും എ ടി എം വഴി ലഭിക്കുക. ബാക്കി തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കും കൈമാറും. നിലവില്‍ ഈ സേവനം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമായിരിക്കും ലഭ്യമാകുക. എന്നാല്‍ തുടര്‍ന്നുള്ള കാലയളവില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. എ ഐ അധിഷ്ഠിത ഗോള്‍ഡ് ലോണ്‍ എ ടി എം വരുന്നതിലൂടെ ഉപോഭക്താക്കള്‍ക്കും അതുപോലെ തന്നെ ബാങ്ക് ജീവനക്കാര്‍ക്കും വലിയ തോതില്‍ സമയം ലാഭിക്കാന്‍ സാധിക്കും.
സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ കാര്യത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള കബളിക്കപ്പെടലിനോ ജീവനക്കാര്‍ക്ക് പക്ഷപാതം കാണിക്കാനുള്ള സാഹചര്യവും ഗോള്‍ഡ് എ ടി എം ഇല്ലാതാക്കുന്നു. വാറങ്കലിലെ പദ്ധതി വിജയകരമാണോയെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും പദ്ധതി രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്