ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മതപരിവര്‍ത്തനം ആരോപിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് മതപരിവര്‍ത്തനം ആരോപിച്ചതെന്നും ജയ് വിളിച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നും സഹപ്രവര്‍ത്തക ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
പ്രശ്‌നം ഉണ്ടായതോടെ ആര്‍പിഎഫ് കേസെടുത്തു. യുവതികളോട് മൊഴി മാറ്റാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം പൊലീസ് ചോദിച്ചപ്പോള്‍ രക്ഷിതാക്കളുടെ സമ്മതത്തോടെയും സ്വന്തം ഇഷ്ടപ്രകാരവുമാണ് വന്നതെന്ന് മൂന്ന് പെണ്‍കുട്ടികളും പറഞ്ഞിരുന്നു. പിന്നീട് ജ്യോതിഷ് ശര്‍മ എന്ന സ്ത്രീ വന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പേടിച്ച് ഒരു പെണ്‍കുട്ടി തങ്ങളെ നിര്‍ബന്ധിച്ച് കൊണ്ട് പോവുകയായിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു.
കോണ്‍വെന്റില്‍ ജോലിയ്ക്കായാണ് പെണ്‍കുട്ടികളെ കൊണ്ടുപോകാനിരുന്നത്. എന്നല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് സിസ്റ്റര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളെ പിന്നീട് ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി. കുട്ടികള്‍ സിഎസ്ഐ സഭയില്‍പ്പെട്ട ക്രിസ്ത്യാനികളാണ്. അതുകൊണ്ട് തന്നെ മതപരിവര്‍ത്തനമെന്ന് പറയാന്‍ സാധിക്കില്ല. എഎസ്എംഐ സന്യാസി സമൂഹത്തിലെ കന്യാസ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നും സഹപ്രവര്‍ത്തക വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്