കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കൽ കൂടി ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്‌ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ ആവേശ സമനില പിടിച്ചതിന് പിന്നാലെ ഗാലറിയിൽ അവശേഷിച്ച പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കവറുകളുമെല്ലാം പെറുക്കി മാറ്റിയാണ് ജപ്പാന്റെ 'ബ്ലൂ സമുറായി' ആരാധകർ ലോകത്തിന്റെ കൈയടി നേടിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൻതോതിൽ വൈറലായിക്കഴിഞ്ഞു.
അന്താരാഷ്ട്ര ഫുട്‌ബോൾ വേദികളിൽ ജപ്പാൻ ആരാധകർ വർഷങ്ങളായി തുടരുന്ന ഈ ശീലം ലോകത്തിന് അത്ഭുതമാണെങ്കിലും അവർക്കിത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗം മാത്രമാണ്. ശുചിത്വം, പൊതുവിടങ്ങളോടുള്ള ബഹുമാനം, കൂട്ടായ ഉത്തരവാദിത്തം എന്നിവയ്ക്ക് ജാപ്പനീസ് സംസ്‌കാരത്തിൽ വലിയ പ്രാധാന്യമുണ്ട്. അതിനാൽ തന്നെ ഒരു കളി കാണാൻ പോയാൽ തങ്ങൾ ഇരുന്ന ഇടം വൃത്തിയാക്കി മടങ്ങുക എന്നത് അവർക്ക് ഒരു അസാധാരണ പ്രവൃത്തിയല്ല, മറിച്ച് ജീവിതചര്യയുടെ ഭാഗമാണ്.
2022ൽ ഖത്തറിൽ നടന്ന ലോകകപ്പിലും ജപ്പാൻ ആരാധകർ ഇതേ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. അന്ന് ജർമ്മനിയെ അട്ടിമറിച്ച മത്സരത്തിന് ശേഷവും, തങ്ങളുടെ ടീമില്ലാത്ത ഖത്തർഇക്വഡോർ ഉദ്ഘാടന മത്സരത്തിന് ശേഷവും അവർ ഗാലറി വൃത്തിയാക്കി ലോകത്തിന് മാതൃകയായിരുന്നു. ആ ചരിത്രമാണ് ഇപ്പോൾ ഡാലസിലും ആവർത്തിച്ചിരിക്കുന്നത്. കളിക്കളത്തിൽ താരങ്ങൾ മികച്ച പ്രകടനത്തിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുമ്പോൾ, ഗാലറിയിലെ തങ്ങളുടെ പെരുമാറ്റം കൊണ്ട് ജപ്പാൻ ആരാധകരും ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
