തിരുവനന്തപുരം: കെ.സി.എൽ മൂന്നാം സീസണിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ 14 റൺസിന് തോൽപ്പിച്ച് ട്രിവാൻഡ്രം റോയൽസ്. സീസണിലെ തുടർച്ചയായ നാലാം ജയത്തോടെ തലസ്ഥാനടീം 10 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് സെമിഫൈനൽ സാദ്ധ്യത വർദ്ധിപ്പിച്ചു. 10 പോയിന്റുള്ള ആലപ്പിയാണ് പട്ടികയിൽ ഒന്നാമത്.
ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്ത ശേഷം റിപ്പിൾസിനെ 180/6ൽ ഒതുക്കുകയായിരുന്നു. 50 പന്തുകളിൽ ആറു ഫോറുകളും അഞ്ച് സിക്‌സുകളുമടക്കം 82 റൺസുമായി പുറത്താകാതെ നിന്ന് ടീമിന് വിജയമൊരുക്കിയ ട്രിവാൻഡ്രത്തിന്റെ ഗോവിന്ദ് ദേവ് പൈയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിന് നാലാം ഓവറിൽ ക്യാപ്ടൻ കൃഷ്ണപ്രസാദിനെ(2) നഷ്ടമായപ്പോൾ ഗോവിന്ദ് ദേവ് പൈയെ കളത്തിലിറക്കിയ തന്ത്രമാണ് ട്രിവാൻഡ്രത്തിന് തണലായത്. രണ്ടാം വിക്കറ്റിൽ ഗോവിന്ദും അഭിഷേക് പി. നായരും (38 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്‌സുമടക്കം 57 റൺസ്) കൂട്ടിച്ചേർത്ത 85 റൺസ് ടീമിന്റെ നട്ടെല്ലായി. വിഷ്ണു വിനോദ് (18), സിജോമോൻ ജോസഫ് (31 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്‌സുകളും കരുത്തുപകർന്നു. അവസാന 25 പന്തുകളിൽ ഗോവിന്ദും സിജോമോനും ചേർന്ന് അടിച്ചുകൂട്ടിയത് 63 റൺസാണ്. ഈ കൂട്ടുകെട്ടാണ് മത്സരത്തിന്റെ വിധി നിർണയിച്ചതും. റിപ്പിൾസിന് വേണ്ടി സിബിൻ ഗിരീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ റിപ്പിൾസിന് ആദ്യ ഓവറിൽ തന്നെ ആകാശ് പിള്ളയുടെ (2) വിക്കറ്റ് നഷ്ടമായി. പകരമെത്തിയ ക്യാപ്ടൻ സച്ചിൻ ബേബി 49 പന്തുകളിൽ എട്ടുഫോറും അഞ്ചുസിക്‌സുമടക്കം 91 റൺസ് നേടി ഒരറ്റത്ത് നങ്കൂരമിട്ടപ്പോൾ ആലപ്പിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. ആറാം ഓവറിൽ അസറുദ്ദീൻ (15) പുറത്തായി. തുടർന്ന് കെ.എ അരുണിനെ (31)ക്കൂട്ടി മുന്നേറിയ സച്ചിൻ ബേബി 16-ാം ഓവറിൽ നിഖിലിന്റെ പന്തിൽ കൃഷ്ണപ്രസാദിന് ക്യാച്ച് നൽകി മടങ്ങിയതോടെ ആലപ്പി ബാക് ഫുട്ടിലായി. അടുത്ത ഓവറിൽ അരുണും പുറത്തായി. അഭിജിത് പ്രവീണും (18) സിബിൻ ഗിരീഷും (9) പൊരുതിയെങ്കിലും റിപ്പിൾസിന്റെ ഇന്നിംഗ്‌സ് 180ൽ അവസാനിച്ചു. റോയൽസിന് വേണ്ടി എൻ.പി. ബേസിൽ നാല് വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
