തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ തോൽപിച്ച് ട്രിവാൻഡ്രം റോയൽസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഏഴ് വിക്കറ്റിനായിരുന്നു റോയൽസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെയ്‌ലേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു. റോയൽസ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. റോയൽസിന്റെ വിഷ്ണു വിനോദാണ് (61 നോട്ടൗട്ട്) പ്ലെയർ ഓഫ് ദി മാച്ച്.
മുൻനിര ബാറ്റർമാരുടെ പരാജയമാണ് മത്സരത്തിൽ സെയ്‌ലേഴ്‌സിന് തിരിച്ചടിയായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സെയ്‌ലേഴ്‌സിന് ആദ്യ ഓവറിൽ തന്നെ അരുൺ പൗലോസിന്റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ ക്യാപ്ടൻ വത്സൽ ഗോവിന്ദും (9) ഫോമിലുള്ള അഭിഷേക് ജെ നായരും (11) കൂടി മടങ്ങിയതോടെ സെയ്‌ലേഴ്‌സ് തുടക്കത്തിൽ തന്നെ പ്രതിരോധത്തിലായി. തുടർന്നെത്തിയ ആനന്ദ് കൃഷ്ണനും (10) പിടിച്ചുനിൽക്കാനായില്ല.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അജിനാസും അർജുൻ വേണുഗോപാലും ചേർന്നാണ് സെയ്‌ലേഴ്‌സിനെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് 29 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി സിജോമോൻ ജോസഫ് റോയൽസിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. അജിനാസ് 22ഉം അർജുൻ വേണുഗോപാൽ 17 റൺസും നേടി. തുടർന്നെത്തിയ ഷറഫുദ്ദീനാണ് സെയ്‌ലേഴ്‌സിന്റെ സ്‌കോർ 126ലേക്ക് എത്തിച്ചത്. ടൂർണമെന്റിൽ ആദ്യ മത്സരം കളിക്കുന്ന ഷറഫുദ്ദീൻ തകർപ്പൻ ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. 20 പന്തിൽ രണ്ട് ഫോറും നാല് സിക്‌സുമടക്കം 39 റൺസുമായി ഷറഫുദ്ദീൻ പുറത്താകാതെ നിന്നു. അവസാന ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 23 റൺസാണ് ഷറഫുദ്ദീൻ നേടിയത്. റോയൽസിന് വേണ്ടി സിജോമോൻ ജോസഫും രാഹുൽ ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ റോയൽസിന്റെ മൂന്ന് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വീഴ്ത്തി ബൗളർമാർ സെയ്‌ലേഴ്‌സിന് പ്രതീക്ഷ നൽകി. 12 റൺസെടുത്ത അഭിഷേക് പി നായരെ എ.ജി അമലാണ് പുറത്താക്കിയത്. ഒരു റണ്ണെടുത്ത കൃഷ്ണപ്രസാദ് പവൻ രാജിന്റെ പന്തിൽ എൽബിഡബ്ല്യു ആയി. ഒരു റണ്ണെടുത്ത ഗോവിന്ദ് ദേവ് പൈ കൂടി മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 21 റൺസെന്ന നിലയിലായിരുന്നു റോയൽസ്. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന വിഷ്ണു വിനോദും സിജോമോൻ ജോസഫും ചേർന്ന് കളി റോയൽസിന്റെ വരുതിയിലാക്കി. അപരാജിതമായ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 106 റൺസാണ് കൂട്ടിച്ചേർത്തത്. 17 പന്തുകൾ ബാക്കിനിൽക്കെ റോയൽസ് ലക്ഷ്യത്തിലെത്തി. വിഷ്ണു വിനോദ് 65ഉം സിജോമോൻ ജോസഫ് 37ഉം റൺസുമായി പുറത്താകാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
