ലാ ലിഗ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് വമ്പൻ ജയത്തോടെ തുടക്കമിട്ട് ബാഴ്‌സലോണ. 2026-27 സീസണിലെ ആദ്യ മത്സരത്തിൽ എവേ ഗ്രൗണ്ടിൽ എൽചെയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.
റഫീഞ്ഞയും ഫെർമിൻ ലോപ്പസും ഇരട്ടഗോളുകൾ നേടിയപ്പോൾ, ഈ സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ബാഴ്‌സലോണയിലെത്തിയ ജർമൻ താരം കരിം അഡെയേമി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടി.
14-ാം മിനിറ്റിലാണ് ബാഴ്‌സലോണ ലീഡെടുത്തത്. എൽചെ പ്രതിരോധതാരം വിക്ടർ ചുസ്റ്റിന്റെ ഫൗളിനെ തുടർന്ന് ലഭിച്ച പെനാൽറ്റി റഫീഞ്ഞ അനായാസം വലയിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ അഡെയേമി ബാഴ്‌സയുടെ ലീഡ് രണ്ടാക്കി. ലമീൻ യമാൽ വഴിയെത്തിയ നീക്കം റഫീഞ്ഞയുടെ മനോഹരമായ പാസിൽ അവസാനിച്ചപ്പോൾ, ഓഫ്‌സൈഡ് കെണിയെ മറികടന്ന് അഡെയേമി ക്ലിനിക്കൽ ഫിനിഷിലൂടെ ഗോൾ നേടി.
രണ്ടാം പകുതിയിൽ എൽചെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ബാഴ്‌സലോണയുടെ പകരക്കാരനായ ആന്റണി ഗോർഡൻ കളിയുടെ ഗതി വീണ്ടും മാറ്റി. 67-ാം മിനിറ്റിൽ ഗോർഡന്റെ ഇടതുവിങ്ങിൽ നിന്നുള്ള മികച്ച നീക്കം റഫീഞ്ഞ പൂർത്തിയാക്കി. ഇതോടെ താരത്തിന്റെ രണ്ടാം ഗോളും ബാഴ്‌സയുടെ മൂന്നാം ഗോളുമായി. 71-ാം മിനിറ്റിൽ ഗോർഡൻ വീണ്ടും അവസരം ഒരുക്കി. ഇത്തവണ ഫെർമിൻ ലോപ്പസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ട് സ്‌കോർ 4-0 ആക്കി.
79-ാം മിനിറ്റിൽ ഫെർമിൻ ലോപ്പസ് വീണ്ടും ലക്ഷ്യം കണ്ടതോടെ ബാഴ്‌സലോണയുടെ വിജയം 5-0 ആയി. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ആക്രമണ മികവ് പ്രകടിപ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാർ ലാ ലിഗ കിരീട സംരക്ഷണത്തിന് തുടക്കമിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
