കൊളംബോ : ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന് പിന്നാലെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടി മലയാളി താരം ദേവ്ദത്ത് പടിക്കൽ. ഇന്നലെ കൊളംബോയിൽ തുടങ്ങിയ മത്സരത്തിൽ ഫസ്റ്റ് ഡൗണായിറങ്ങിയ ദേവ്ദത്ത് 193 പന്തുകൾ നേരിട്ട് 12 ബൗണ്ടറികളടക്കം 117 റൺസ് നേടിയാണ് പുറത്തായത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 300/5 എന്ന സ്‌കോറിലാണ്
ആദ്യ ദിനം കളിനിർത്തുമ്പോൾ എത്തിയത്. യശസ്വി ജയ്‌സ്വാൾ (45), ശുഭ്മാൻ ഗിൽ (50), രവീന്ദ്ര ജഡേജ (43) എന്നിവരുടെ ബാറ്റിംഗും ഇന്ത്യയ്ക്ക് കരുത്ത് പകർന്നു. ഒന്നാം ദിവസം കളിനിർത്തുമ്പോൾ അരങ്ങേറ്റക്കാരൻ സാരാംശ് ജെയ്‌നും (4 നോട്ടൗട്ട്), ധ്രുവ് ജുറേലു(7 നോട്ടൗട്ട്) മാണ് ക്രീസിൽ.
ഗാളിൽ നടന്ന ആദ്യ ടെസ്റ്റിൽ തകർപ്പൻ വിജയം നേടിയ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 11-ാം ഓവറിൽ കെ.എൽ. രാഹുലി (18)ലൂടെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഇതോടെ ദേവ്ദത്ത് ക്രീസിലെത്തി. പക്ഷേ 17-ാം ഓവറിൽ യശസ്വി മടങ്ങി. മൂന്നാം വിക്കറ്റിൽ ഗില്ലും ദേവ്ദത്തും ഒരുമിച്ചതോടെയാണ് കളി ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക് എത്തിയത്. 88/2 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ ഇവർ രണ്ടാം സെഷൻ ഏറെക്കുറെ മുഴുവനായി കളിച്ചു. ചായ്ക്ക് പിരിയുന്നതിന് രണ്ട് പന്തുകൾ ശേഷിക്കുമ്പോഴാണ് ഗിൽ മടങ്ങിയത്. ഇതിനിടയിൽ ഇരുവരും അർദ്ധസെഞ്ച്വറി പിന്നിട്ടിരുന്നു. 108 പന്തുകളിൽ ആറുഫോറടക്കം 50 റൺസടിച്ച ഇന്ത്യൻ ക്യാപ്ടനെ അസിത ഫെർണാണ്ടോ കീപ്പറുടെ കയ്യിലെത്തിക്കുകയായിരുന്നു.
പകരമിറങ്ങിയ റിഷഭ് പന്ത് വ്യക്തിഗത സ്‌കോർ 3ൽ നിൽക്കുമ്പോൾ ലാഹിരു കുമാരയുടെ പന്ത് കൈക്കുഴയിൽ പതിച്ച് പരിക്കേറ്റുമടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തുടർന്ന് ജഡേജ കളത്തിലിറങ്ങി. ജഡേജയുടെ പിന്തുണയോടെയാണ് ദേവ്ദത്ത് ഈ പരമ്പരയിലേയും കരിയറിലേയും തന്റെ രണ്ടാമത്തേ സെഞ്ച്വറി തികച്ചത്. ടീം സ്‌കോർ 281ൽ വച്ചാണ് നുവാന്തയുടെ പന്തിൽ ബൗൾഡായി ദേവ്ദത്ത് മടങ്ങിയത്. 296ൽ വച്ച് ജഡേജയും മടങ്ങി.
രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 419 റൺസ് എടുത്തിട്ടുണ്ട്. സാരാംശ് ജെയ്ൻ 6 റൺസെടുത്ത് ആദ്യം പുറത്തായി. തുടർന്ന് പരിക്കേറ്റ് പുറത്ത് പോയ പന്ത് തിരിച്ചു വന്നു. ലഞ്ചിനു പിരിയുമ്പോൾ പന്ത് (88 പന്തിൽ 63, 6 ഫോറും, 2 സിക്‌സും)ഉം, ധ്രുവ് ജുറൽ (59) റൺസുമെടുത്ത് പുറത്താകാതെ നിൽക്കുന്നു.
328 റൺസാണ് രണ്ട് ടെസ്റ്റുകളിൽ നിന്ന് ദേവ്ദത്ത് ഇതുവരെ നേടിയത്. ശ്രീലങ്കയിൽ തുടർച്ചയായി രണ്ട് ടെസ്റ്റുകളിൽ സെഞ്ച്വറി നേടുന്ന ഒരു വിദേശ ടീമിന്റെ ആദ്യ മൂന്നാം നമ്പർ പൊസിഷനിലെ ബാറ്ററാണ് ദേവ്ദത്ത്.
ശ്രീലങ്കൻ മണ്ണിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാം നമ്പരിലെ സന്ദർശകബാറ്റർ എന്ന സ്റ്റീഫൻ ഫ്‌ളെമിംഗിന്റെ റെക്കാഡും (307) ദേവ്ദത്ത് മറികടന്നു.
ശ്രീലങ്കയ്ക്ക് എതിരെ ഒരു പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററാണ് ദേവ്ദത്ത്. അസ്ഹറുദ്ദീൻ, കാംബ്‌ളി, സച്ചിൻ, സെവാഗ്, ധവാൻ, പുജാര എന്നിവരാണ് നേരത്തേ ഈ നേട്ടത്തിലെത്തിയവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
