തിരുവനന്തപുരം: ആദ്യം കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ് കളിച്ചു. പിന്നെ മഴയുടെ കളി. ഒടുവിൽ തൃശൂർ ടൈറ്റാൻസിന്റെ വിജയവും. ഇന്നലെ കെ.സി.എല്ലിൽ നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചിക്കാർ പലതവണ വിജയമുറപ്പിച്ചതാണ്. എന്നാൽ മഴയും തൃശൂരിന്റെ കൗമാരതാരങ്ങളും ചേർന്ന് സലി സാംസണിന്റേയും സംഘത്തിന്റേയും കയ്യിൽ നിന്ന് വിജയം തട്ടിയെടുക്കുന്നതാണ് കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ ആറ് വിക്കറ്റിന് 172 റൺസാണെടുത്തത്. ജോബിൻ ജോബി ( 18 പന്തുകളിൽ 33 റൺസ്), വിനൂപ് മനോഹരൻ (24 പന്തുകളിൽ 33 റൺസ്), സച്ചിൻ സുരേഷ്(23*), ആൽഫി ഫ്രാൻസിസ് (27*) എന്നിവരുടെ ബാറ്റിംഗാണ് കൊച്ചിയെ 172ലെത്തിച്ചത്.
മറുപടിക്കിറങ്ങിയ തൃശൂരിന് കൗമാരതാരം കെ.ആർ. രോഹിത് (35) മികച്ച തുടക്കം നൽകി. തൃശൂർ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 48 റൺസെടുത്ത് നിൽക്കെ മഴയെത്തി. വിജയലക്ഷ്യം ഒൻപത് ഓവറിൽ 83 റൺസായി പുനർനിശ്ചയിച്ചതോടെ തൃശൂരിന് ജയിക്കാൻ 22 പന്തുകളിൽ 35 റൺസ് വേണമെന്നായി. എന്നാൽ കളി പുനരാരംഭിച്ച് ആദ്യ രണ്ട് പന്തുകളിൽ തന്നെ രോഹിതും എ.കെ. അർജുനും (0) മടങ്ങി. തൊട്ടടുത്ത ഓവറിൽ സഞ്ജീവ് സതീശനും (4) നിഖിൽ തോട്ടത്തും (0) കൂടി മടങ്ങിയതോടെ ആറ് വിക്കറ്റിന് 56 റൺസെന്ന നിലയിലായി ടൈറ്റാൻസ്.
നാല് വിക്കറ്റുകൾ ശേഷിക്കെ ജയിക്കാൻ വേണ്ടത് 14 പന്തുകളിൽ നിന്ന് 27 റൺസ്. കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിൽ ക്രീസിലെത്തിയ മുഹമ്മദ് ഇനാന്റെ തകർപ്പൻ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ബേസിൽ തമ്പി എറിഞ്ഞ എട്ടാം ഓവറിൽ തുടരെ രണ്ട് സിക്‌സും ഒരു ഫോറും നേടിയാണ് ഇനാൻ കളി തൃശൂരിന് അനുകൂലമാക്കിയത്. നാല് പന്തുകൾ ബാക്കിനിൽക്കെ ടൈറ്റൻസ് ലക്ഷ്യത്തിലെത്തി. മുഹമ്മദ് ഇനാൻ 18ഉം എം.എസ് അഖിൽ 16ഉം റൺസുമായി പുറത്താകാതെ നിന്നു. കൊച്ചിക്ക് വേണ്ടി ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
