ഐ.പി.എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് മുൻ ക്യാപ്റ്റൻ എം.എസ്. ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തള്ളി മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും യാഥാർത്ഥ്യബോധമില്ലാത്തതും അസംബന്ധവുമാണെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ധോണി ആദ്യം 25 ശതമാനവും പിന്നീട് 20 ശതമാനവും ഓഹരി ആവശ്യപ്പെട്ടെന്നും എന്നാൽ ഫ്രാഞ്ചൈസി 5.5 ശതമാനം ഓഹരിയാണ് വാഗ്ദാനം ചെയ്തതെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സ് എന്ന ആഗോള ബ്രാൻഡിന്റെ വിപണി മൂല്യം കണക്കിലെടുക്കുമ്പോൾ ഇത്തരം വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.
അഞ്ച് ഐ.പി.എൽ കിരീടങ്ങൾ സ്വന്തമാക്കിയ സി.എസ്.കെക്ക് വിദേശ ലീഗുകളിലും ഫ്രാഞ്ചൈസികളുണ്ട്. ഒന്നര ബില്യണിലധികം ഡോളർ വിലമതിക്കുന്ന ഒരു വലിയ ഫ്രാഞ്ചൈസിയുടെ 25 ശതമാനം ഓഹരി ഒരു വ്യക്തി സൗജന്യമായി ആവശ്യപ്പെടുകയോ ടീം നൽകുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
25 ശതമാനം ഓഹരി ലഭിക്കണമെങ്കിൽ അതിനായി ഏകദേശം 400 ദശലക്ഷം ഡോളറോളം നിക്ഷേപിക്കേണ്ടി വരും. ഐ.പി.എൽ പോലുള്ള വൻകിട ബിസിനസ്സ് മേഖലയിൽ ആരും ആർക്കും ഇത്രയും വലിയൊരു തുകയോ ഓഹരിയോ വെറുതെ നൽകില്ലെന്നും ചോപ്ര വ്യക്തമാക്കി. 2026 ഐ.പി.എൽ സീസണിൽ കളിക്കളത്തിൽ സജീവമല്ലെങ്കിലും സി.എസ്.കെയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമായി 45-കാരനായ ധോണി ഇപ്പോഴും തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
