ഒട്ടാവ: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ശാസ്ത്ര മേഖലയോട് കാണിക്കുന്ന അവഗണനയിലും ഗവേഷണ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ച് ലോകോത്തര ഗവേഷകരും ശാസ്ത്രജ്ഞരും കൂട്ടത്തോടെ കാനഡയിലേക്ക് ചേക്കേറുന്നു.
മസാച്യുസെറ്റ്സ് സർവ്വകലാശാലയിലെ ആർ.എൻ.എ തെറാപ്പിറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായിരുന്ന പ്രശസ്ത അമേരിക്കൻ ബയോമെഡിക്കൽ ശാസ്ത്രജ്ഞൻ ഫിലിപ്പ് സമോർ ഉൾപ്പെടെയുള്ള പ്രമുഖരാണ് രാജ്യം വിട്ടത്. ട്രംപിന്റെ ഭരണത്തിൻ കീഴിൽ തനിക്ക് സ്വന്തം രാജ്യം നഷ്ടപ്പെട്ടതുപോലെ അനുഭവപ്പെടുന്നുവെന്നും അമേരിക്കയിൽ ഒരു ശാസ്ത്രജ്ഞനായി ജീവിക്കുന്നത് ഭയപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നും ഫിലിപ്പ് സമോർ തുറന്നടിച്ചു. യൂറോപ്പും ജപ്പാനും പരിഗണിച്ചുവെങ്കിലും കാനഡയിലെ മക്ഗിൽ സർവ്വകലാശാലയിലാണ് അദ്ദേഹം ഒടുവിൽ താവളമടിച്ചത്.
അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 64 ലോകോത്തര ശാസ്ത്രജ്ഞരെ കാനഡയിലെ വിവിധ സർവ്വകലാശാലകളിലേക്ക് ആകർഷിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഇൻഡസ്ട്രി മന്ത്രി മെലാനി ജോലിയും ആരോഗ്യ മന്ത്രി മാർജോറി മിഷേലും ചേർന്ന് നിർവ്വഹിച്ചു. അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെടുകയും വ്യാപാര യുദ്ധത്തിലേക്ക് കടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, അമേരിക്കയിലെ മികച്ച പ്രതിഭകളെ സ്വന്തം രാജ്യത്തേക്ക് എത്തിക്കാൻ കഴിഞ്ഞത് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാരിന് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.
കാനഡ ഗ്ലോബൽ ഇംപാക്ട്+ റിസർച്ച് ടാലന്റ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി എഡി ഗോൾഡൻബെർഗ് റിസർച്ച് ചെയർ ലഭിച്ച ഈ 64 ഗവേഷകർക്കായി അടുത്ത 8 വർഷത്തിനുള്ളിൽ 504 ദശലക്ഷം ഡോളറിന്റെ ഫണ്ടാണ് കാനഡ സർക്കാർ അനുവദിക്കുന്നത്. ഹാർവാർഡ്, സ്റ്റാൻഫോർഡ്, കാർനെഗി മെലൺ തുടങ്ങിയ പ്രശസ്തമായ അമേരിക്കൻ സർവ്വകലാശാലകളിൽ നിന്നുള്ള പ്രൊഫസർമാരും ഇതിൽ ഉൾപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർ.എൻ.എ തെറാപ്പിറ്റിക്സ്, ക്വാണ്ടം നെറ്റ്‌വർക്കിംഗ്, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ വിദഗ്ദ്ധരാണ് കാനഡയിലേക്ക് ചേക്കേറുന്നത്. കാനഡ വാഗ്ദാനം ചെയ്യുന്ന സുസ്ഥിരമായ ഗവേഷണ അന്തരീക്ഷവും സാമ്പത്തിക പിന്തുണയുമാണ് തങ്ങളെ ആകർഷിച്ചതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
