കേന്ദ്ര സര്‍വീസുകളിലേക്ക് എഐ വിദഗ്ധരുടെ വന്‍ പട; പ്രതിമാസം 4.58 ലക്ഷം രൂപ വരെ നല്‍കാന്‍ സര്‍ക്കാര്‍

AUGUST 27, 2026, 7:00 AM

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണനിര്‍വഹണ തലത്തിലും സര്‍ക്കാര്‍ സേവനങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനായി പ്രമുഖ എഐ വിദഗ്ധരെ നിയമിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള വിദഗ്ധര്‍ക്കായി വലിയ തുക ചെലവഴിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. എഐ രംഗത്തെ ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിമാസം 4.58 ലക്ഷം രൂപ വരെയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രതിവര്‍ഷം ഏകദേശം 55 ലക്ഷം രൂപയോളം വരും.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷനാണ് ടെന്‍ഡര്‍ നടപടികളിലൂടെ എംപാനല്‍മെന്റ് പ്രക്രിയകള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

കേന്ദ്ര സര്‍ക്കാരില്‍ നിലവിലുള്ള ഏറ്റവും ഉയര്‍ന്ന ശമ്പള സ്‌കെയിലുകളെപ്പോലും മറികടക്കുന്ന നിരക്കുകളാണ് എഐ വിദഗ്ധര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറിക്ക് പ്രതിമാസം 2.50 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിമാര്‍ക്ക് 2.25 ലക്ഷം രൂപയുമാണ് അടിസ്ഥാന ശമ്പളം. എന്നാല്‍ സിവില്‍ സര്‍വീസ് ശമ്പളവുമായി ഇതിനെ നേരിട്ട് താരതമ്യം ചെയ്യാനാകില്ലെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍വീസുകള്‍ നല്‍കുന്ന വിതരണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറുന്ന തുകയാണിത്. അതിനാല്‍ കമ്പനികളുടെ പ്രവര്‍ത്തനച്ചെലവും ലാഭവിഹിതവും കിഴിച്ചുള്ള തുകയായിരിക്കും വിദഗ്ധന് ശമ്പളമായി ലഭിക്കുക. എങ്കിലും സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ഡിമാന്‍ഡുള്ള സാങ്കേതികവിദ്യകള്‍ സ്വന്തമാക്കാന്‍ സര്‍ക്കാര്‍ എത്രത്തോളം മുന്‍ഗണന നല്‍കുന്നു എന്നതിന്റെ തെളിവാണിത്.

വ്യത്യസ്ത തസ്തികകള്‍ക്കായി കൃത്യമായ നിരക്കുകള്‍ നിര്‍ണയിച്ചിട്ടുണ്ട്. എഐ/സൊല്യൂഷന്‍ ആര്‍ക്കിടെക്റ്റ്, ഡാറ്റാ സയന്‍സ് ലീഡ്, എഐ/എംഎല്‍ ലീഡ് എന്നീ ഉയര്‍ന്ന പദവികള്‍ക്കാണ് പ്രതിമാസം 4.58 ലക്ഷം രൂപ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. പ്രോഗ്രാം അല്ലെങ്കില്‍ പ്രൊഡക്ട് മാനേജര്‍ തസ്തികയ്ക്ക് 4.12 ലക്ഷം രൂപയും ഡാറ്റാ എന്‍ജിനീയറിങ് ലീഡിന് 3.66 ലക്ഷം രൂപയും ലഭിക്കും. എഐ/എംഎല്‍ എന്‍ജിനീയര്‍, ഡാറ്റാ സയന്റിസ്റ്റ്, എംഎല്‍ ഓപ്‌സ് ലീഡ് എന്നീ തസ്തികകള്‍ക്ക് 3.20 ലക്ഷം രൂപയാണ് പ്രതിമാസ തുക. ഏറ്റവും കുറഞ്ഞ നിരക്ക് ബിസിനസ് അനലിസ്റ്റ് തസ്തികയ്ക്കാണ്, പ്രതിമാസം 2.16 ലക്ഷം രൂപ. അതീവ വൈദഗ്ധ്യം ആവശ്യമായ പ്രത്യേക തസ്തികകള്‍ക്ക് എഐ എന്‍ജിനീയറുടെ നിരക്കിന്റെ ഒന്നര മടങ്ങ് വരെ, അതായത് 4.81 ലക്ഷം രൂപ വരെ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ജിഎസ്ടി തുക ഇതിന് പുറമെയാണ്.

നേരത്തെ നടന്ന ടെന്‍ഡര്‍ നടപടികള്‍ വഴി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എന്‍ഇസി കോര്‍പ്പറേഷന്‍ ഇന്ത്യ, കൈന്‍ഡ്രില്‍ സൊല്യൂഷന്‍സ്, കാക്റ്റസ് ടെക്‌നോളജി സൊല്യൂഷന്‍സ്, കോറോവര്‍, ഇന്നേഫു ലാബ്‌സ് എന്നീ ആറ് പ്രമുഖ കമ്പനികളെ പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്താനായി ടെന്‍ഡര്‍ വീണ്ടും തുറന്നിരിക്കുകയാണ്. പുതിയ കമ്പനികള്‍ സെപ്റ്റംബര്‍ ഏഴിനകം അപേക്ഷിക്കേണ്ടതുണ്ട്. ആഗോള വിപണിയില്‍ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം വേഗത്തിലാകുന്ന സാഹചര്യത്തില്‍, കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും തടസമില്ലാതെ വിദഗ്ധരുടെ സേവനം ലഭ്യമാക്കാന്‍ ഈ നടപടി സഹായിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam