ന്യൂഡല്‍ഹി: കേരള തീരത്ത് അറബിക്കടലില്‍ എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം തേടി കശുവണ്ടി ഇറക്കുമതിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലവിലെ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ കെ.വി വിശ്വനാഥന്‍, അരുണ്‍ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ തല്‍സ്ഥിതി ഉത്തരവ് പുറപ്പെടുവിച്ചതും എതിര്‍കക്ഷിയായ കപ്പല്‍ കമ്പനിക്ക് നോട്ടീസ് അയച്ചതും. വിഷയത്തില്‍ സുപ്രീം കോടതി വാദം പൂര്‍ത്തിയാക്കുന്നതുവരെ കേരള ഹൈക്കോടതിയിലെ തുടര്‍ നടപടികള്‍ നിലവിലെ സ്ഥിതിയില്‍ തന്നെ തുടരും.
വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കേരളതീരത്തുവെച്ചാണ് എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍പ്പെട്ട് മുങ്ങിയത്. അപകടത്തില്‍ കപ്പലിലുണ്ടായിരുന്ന വലിയ അളവിലുള്ള അസംസ്‌കൃത കശുവണ്ടിയടക്കമുള്ള ചരക്കുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നു. ചരക്കിന്റെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആര്‍. സജി സുരേന്ദ്രന്‍, സാന്‍സ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ കോടതിച്ചെലവ് അടക്കം 73.50 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
എന്നാല്‍ കപ്പല്‍ ഉടമകള്‍ സമര്‍പ്പിച്ച ബാധ്യത പരിമിതപ്പെടുത്തുന്നതിനുള്ള നടപടി അഡ്മിറാള്‍ട്ടി സ്യൂട്ടായി നിലനില്‍ക്കുന്നതാണെന്ന് കേരള ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും വിധി പ്രസ്താവിക്കുകയുണ്ടായി. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് കശുവണ്ടി ഇറക്കുമതിക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചത്. സമുദ്രാപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന ചരക്ക് നഷ്ടങ്ങളില്‍ കപ്പല്‍ ഉടമകള്‍ക്ക് സാമ്പത്തിക ബാധ്യതയ്ക്ക് പരിധി നിശ്ചയിക്കാനുള്ള നിയമപരമായ അവകാശവുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യമുള്ള കേസാണിത്.
സുപ്രീം കോടതിയില്‍ കശുവണ്ടി ഇറക്കുമതിക്കാര്‍ക്കായി സീനിയര്‍ അഭിഭാഷകരായ വി. ചിദംബരേഷ്, വി.ജെ മാത്യു, അഭിഭാഷകരായ ജോയ് തട്ടില്‍ ഇട്ടൂപ്പ്, അനു ഭുവനചന്ദ്രന്‍ എന്നിവര്‍ ഹാജരായി. കപ്പല്‍ കമ്പനിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ നീരജ് കിഷന്‍ കൗള്‍, പ്രശാന്ത് എസ്. പ്രതാപ് തുടങ്ങിയവരാണ് കോടതിയില്‍ ഹാജരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
