വോട്ടര്‍ വെട്ടിനിരത്തലിനെതിരെ പ്രതിപക്ഷ മുന്നേറ്റം; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഇന്ന് രാംലീല മൈതാനിയിലേക്ക്, ഡല്‍ഹിയില്‍ കേന്ദ്രസേന
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യം തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് കൊണാട്ട് പ്ലേസില്‍ നിന്ന് ആരംഭിക്കുന്ന വന്‍ റാലി ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
ഡല്‍ഹിയെ നിശ്ചലമാക്കുന്ന തരത്തില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് വന്‍ ജനകീയ പ്രതിഷേധം തീര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. കേരളത്തില്‍ നിന്നടക്കം പതിനായിരക്കണക്കിന് നേതാക്കളും പ്രവര്‍ത്തകരും ഇതിനകം തന്നെ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. റാലിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലുടനീളം കേന്ദ്രസേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഗ്യാനേഷ് കുമാറിന് ഭരണഘടനാ സ്ഥാപനത്തിന്റെ മറവില്‍ എക്കാലവും ഒളിച്ചിരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ വോട്ടവകാശത്തിന്മേല്‍ കടന്നുകയറാന്‍ ശ്രമിച്ചവര്‍ക്ക് മാപ്പില്ലെന്നും തെളിവുകള്‍ സഹിതം ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം തുറന്നുകാട്ടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോദിയുടെയും അമിത് ഷായുടെയും നിര്‍ദ്ദേശപ്രകാരം ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്ന നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊള്ളുന്നതെന്ന് 'ഇന്ത്യ' സഖ്യത്തിന്റെ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ബിഹാറിലും മറ്റ് സംസ്ഥാനങ്ങളിലും പ്രതിപക്ഷ വോട്ടര്‍മാരെ വ്യവസ്ഥാപിതമായി പട്ടികയില്‍ നിന്ന് പുറന്തള്ളാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍, കപില്‍ സിബല്‍, മഹുവ മൊയ്ത്ര തുടങ്ങി 'ഇന്ത്യ' സഖ്യത്തിലെ പ്രമുഖ ദേശീയ-പ്രദേശിക നേതാക്കള്‍ ചടങ്ങില്‍ അണിനിരന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
