ജനാധിപത്യം തകര്‍ക്കാന്‍ അനുവദിക്കില്ല; ഗ്യാനേഷ് കുമാര്‍ ജയിലില്‍ പോകും, മോദിയെ രക്ഷപ്പെടാന്‍ വിടില്ലെന്ന് രാഹുല്‍ ഗാന്ധി

NOVEMBER 1, 2026, 5:45 AM

ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വഴിയും വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തിയും വര്‍ഷങ്ങളായി വന്‍തോതില്‍ വോട്ട് മോഷണം നടക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ്, ഹരിയാണ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വന്‍ ക്രമക്കേടുകളാണ് നടന്നത്. 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ 15 ശതമാനത്തോളം വരുന്ന വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതോടെ ആ തിരഞ്ഞെടുപ്പിന്റെ സാധുത തന്നെ നഷ്ടപ്പെട്ടതായും ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന വന്‍ ജനകീയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

തങ്ങള്‍ക്ക് രാഷ്ട്രീയ എതിരാളികളോട് വ്യക്തിപരമായ വിദ്വേഷമില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, വിദ്വേഷത്തിന്റെയല്ല മറിച്ച് സ്‌നേഹത്തിന്റെ കട തുറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ പോരാട്ടം തുടരും. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുമെന്നും ക്രമക്കേടുകളില്‍ പങ്കാളിയായ അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് തൊഴിലും കര്‍ഷകര്‍ക്ക് അര്‍ഹമായ അവകാശങ്ങളും ഉറപ്പാക്കുന്ന ഭാരതമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്.

ഏതാനും ചില കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ സമ്പത്ത് ചുരുങ്ങുന്ന നിലവിലെ സ്ഥിതി അംഗീകരിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ സംസാരിച്ച സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തിരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്താണ് ബി.ജെ.പി അധികാരത്തില്‍ തുടരുന്നതെന്ന് വിമര്‍ശിച്ചു. 2027 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിക്ക് അര്‍ഹമായ മറുപടി നല്‍കുമെന്നും ഭരണമാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമജന്മഭൂമി ട്രസ്റ്റ് ഫണ്ടിലും വഖഫ് സ്വത്തുക്കളിലും ബി.ജെ.പി വലിയ കൊള്ളയാണ് നടത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ആരോപിച്ചു. പോലീസിനെയും ഭരണസംവിധാനങ്ങളെയും രാഷ്ട്രീയമായി ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ജീവന്‍ കൊടുത്തും ചെറുക്കുമെന്നും അവര്‍ റാലിയില്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam