ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി: അര്‍ണബിന് പിന്നാലെ മുരാസു എത്തുന്നു; തീരദേശത്ത് തീവ്ര ജാഗ്രതാ നിര്‍ദേശം

OCTOBER 31, 2026, 12:28 PM

ന്യൂഡല്‍ഹി: കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച അര്‍ണബ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപപ്പെടുന്നു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയ്ക്ക് മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തമായ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ കരുത്താര്‍ജിച്ച് ചുഴലിക്കാറ്റായി മാറി വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിച്ച് നവംബര്‍ രണ്ടോടെ ആന്ധ്രാ പ്രദേശ് തീരത്തിനടുത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഈ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍, അന്താരാഷ്ട്ര ചുഴലിക്കാറ്റ് നാമകരണ പട്ടികയിലെ അടുത്ത പേരായ 'മുരാസു' (MURASU) എന്നാകും ഇതിനെ വിളിക്കുക. ഇന്ത്യ സംഭാവന ചെയ്ത ഈ പേര് തമിഴിലെ പരമ്പരാഗത മുരശിനെയാണ് സൂചിപ്പിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ മേഖലകളിലും മണിക്കൂറില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 100 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റടിച്ചേക്കാം. കടല്‍ അതീവ പ്രക്ഷുബ്ധമായിരിക്കും എന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും, ആഴക്കടലില്‍ ഉള്ളവര്‍ എത്രയും വേഗം തീരത്ത് തിരിച്ചെത്തണമെന്നും കാലാവസ്ഥാ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ചുഴലിക്കാറ്റ് ഭീഷണിയും തെക്കന്‍ മഹാരാഷ്ട്ര തീരത്തെ ചക്രവാതച്ചുഴിയും ചേരുന്നതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ ലഭിക്കും. ഇതിന്റെ സ്വാധീനത്താല്‍ നവംബര്‍ ഒന്ന് മുതല്‍ നാല് വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര-തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam