ഹോളിവുഡ് നടി പ്രിയങ്ക ചോപ്രയും പ്രശസ്ത താരം ഓർലാന്റോ ബ്ലൂമും ഒന്നിക്കുന്ന സർവൈവൽ ത്രില്ലർ ചിത്രം 'റിസെറ്റ്' പ്രതിസന്ധിയിൽ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓർലാന്റോ ബ്ലൂം പ്രൊജക്റ്റിൽ നിന്ന് പെട്ടെന്ന് പിന്മാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായ ഓർലാന്റോ ബ്ലൂം എന്തുകൊണ്ടാണ് അവസാന നിമിഷം പിന്മാറിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഓർലാന്റോ ബ്ലൂമിന്റെ വിപണിമൂല്യം മുൻനിർത്തിയാണ് ചിത്രത്തിന്റെ വിദേശ വിതരണാവകാശവും മറ്റ് സാമ്പത്തിക ഇടപാടുകളും തീരുമാനിച്ചിരുന്നത്. അതിനാൽ തന്നെ ബ്ലൂമിന്റെ പെട്ടെന്നുള്ള പിന്മാറ്റം ചിത്രത്തിന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
ഓർലാന്റോയ്ക്ക് പകരം മറ്റൊരു നടനെ കണ്ടെത്താനുള്ള ശ്രമങ്ങൾ അണിയറപ്രവർത്തകർ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ മൂന്ന് നടന്മാരെയാണ് ഈ കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ പ്രിയങ്ക ചോപ്രയ്ക്കായിരിക്കും പുതിയ നടനെ തിരഞ്ഞെടുക്കുന്നതിൽ അന്തിമ തീരുമാനമെന്നാണ് സൂചന.
അതേസമയം, ഇന്ത്യൻ സിനിമയിലും വിദേശത്തും പ്രിയങ്കയുടെ കൈനിറയെ പ്രൊജക്റ്റുകളുണ്ട്. മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം 'വാരാണസി'യിലൂടെയാണ് പ്രിയങ്കയുടെ തെലുങ്ക് അരങ്ങേറ്റം. 2027 ഏപ്രിൽ 7-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ പ്രിഥ്വിരാജ് സുകുമാരനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
