ലണ്ടൻ : മുൻ പാകിസ്ഥാൻ ക്യാപ്ടനും ഇപ്പോൾ ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ മക്കളുമായി സ്‌കൈ സ്‌പോർട്‌സ് നടത്തിയ അഭിമുഖം ഇംഗ്‌ളണ്ടും പാകിസ്ഥാനും തമ്മിലുള്ള ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിനിടയിൽ സംപ്രേഷണം ചെയ്തത് വിവാദത്തിന് തിരികൊളുത്തി. മുൻ ഇംഗ്‌ളണ്ട് ക്യാപ്ടൻ മൈക്കേൽ ആതർട്ടൺ ഇമ്രാന്റെ മക്കളായ കാസിം, സുലൈമാൻ എന്നിവരുമായി സംസാരിക്കുന്നത് സംപ്രേഷണം ചെയ്താൽ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സ്‌കൈ സ്‌പോർട്‌സ് ഇതിന് വഴങ്ങിയില്ല. അവർ അഭിമുഖം സംപ്രേഷണം ചെയ്തു. തുടർന്ന് ഇംഗ്‌ളീഷ് ക്രിക്കറ്റ് ബോർഡ് വിഷയത്തിൽ ഇടപെട്ടതോടെ പാകിസ്ഥാൻ ലോഡ്‌സിൽ കളിക്കാൻ ഇറങ്ങുകയും ചെയ്തു.
'ജയിലിൽ കഴിയുന്ന പിതാവിന്റെ അവസ്ഥയെക്കുറിച്ചുള്ള ആശങ്ക ഇമ്രാന്റെ മക്കളായ സുലൈമാനും കാസിം ഖാനും പങ്കുവെച്ചു. അവർ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമല്ല, അദ്ദേഹത്തെ ജയിലിൽ വെച്ച് തന്നെ കൊലപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. കഴിയുന്നത്ര കാലം, പിതാവിനെ ജയിലിൽ തടഞ്ഞുവെച്ച് നിശബ്ദമാക്കാനാണ് ശ്രമം 'കാസിം ഖാൻ അഭിമുഖത്തിൽ പറഞ്ഞു
ജയിലിൽ കഴിയുന്ന ഇമ്രാൻഖാന്റെ അവസ്ഥയെക്കുറിച്ച് ലോക ക്രിക്കറ്റിലെ മുൻ ക്യാപ്റ്റൻമാർ പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് രണ്ട് കത്തുകൾ അയച്ചിരുന്നു. ആദ്യത്തേത് ഫെബ്രുവരിയിലാണ് അയച്ചത്. അതിൽ നടപടികളൊന്നും ഉണ്ടാകാതെ വന്നതോടെ, രണ്ടാമത്തെ കത്ത് ഈ ആഴ്ചയിൽ അയച്ചു. അത് ഇമ്രാൻഖാനെ വൈദ്യപരിശോധനക്ക് ശേഷം വീണ്ടും അഡിയാല ജയിലിലേക്ക് കൊണ്ടുപോയതിനെ തുടർന്നായിരുന്നു അയച്ചത്.
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻഖാൻ 2022 ഏപ്രിലിലെ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അഴിമതി, ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തൽ തുടങ്ങിയ വിവിധ കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാനെ ജയിലിലടച്ചു. ജയിലിലെ കടുത്ത ഏകാന്ത തടവ് ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമാണ്. വലത് കണ്ണിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു.
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ സുനിൽ ഗാവസ്‌കറും കപിൽ ദേവും അടക്കമുള്ള മുൻ ക്രിക്കറ്റ് താരങ്ങൾ പാക് സർക്കാരിന് കത്തയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
