തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയിലേക്ക് അടുത്തു. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടിക്കിറങ്ങിയ കാലിക്കറ്റ് നാല് ഓവർ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 39 പന്തുകളിൽ നാലുഫോറും ഏഴ് സിക്‌സുമടക്കം 78 റൺസ് നേടിയ നായകൻ രോഹൻ കുന്നുമ്മലും 34 പന്തുകളിൽ ഏഴ് ഫോറടക്കം പുറത്താകാതെ 44 റൺസ് നേടിയ കെ.എസ് അരവിന്ദുമാണ് കാലിക്കറ്റിന് ഈസി ചേസിംഗ് ജയം ഒരുക്കിയത്. സീസണിലെ തന്റെ മൂന്നാം അർദ്ധസെഞ്ച്വി നേടിയ രോഹനാണ് പ്ലെയർ ഓഫ് ദി മാച്ച്.
മുൻനിര വീണ്ടും നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയിൽ മനുകൃഷ്ണന്റെയും സച്ചിൻ സുരേഷിന്റെയും പ്രകടനമാണ് കൊച്ചിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 17 റൺസെടുത്ത ഓപ്പണർ വിപുൽ ശക്തിയാണ് ആദ്യം മടങ്ങിയത്. തുടർന്നെത്തിയ മൊഹമ്മദ് ഷാനു (0)അക്കൗണ്ട് തുറക്കാതെ മടങ്ങി. 13 റൺസെടുത്ത വിനൂപ് മനോഹരൻ കൂടി മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 42 റൺസെന്ന നിലയിലായി കൊച്ചി. ക്യാപ്ടൻ സലി സാംസനും (15) അധികം പിടിച്ചുനിൽക്കാനായില്ല. 26 പന്തുകളിൽ നിന്ന് 30 റൺസ് നേടിയ മനുകൃഷ്ണനാണ് കൊച്ചിയെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. മനുകൃഷ്ണൻ മടങ്ങിയ ശേഷവും മറുവശത്ത് ഒറ്റയാൾ പോരാട്ടം തുടർന്ന് സച്ചിൻ സുരേഷാണ് കൊച്ചിയുടെ ഇന്നിങ്‌സ് 150 കടത്തിയത്. 27 പന്തുകളിൽ 42 റൺസുമായി സച്ചിൻ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി അഖിൻ സത്താറും അബ്ദുൾ ബാസിതും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് ഏഴ് റൺസെടുത്ത വരുൺ നായനാരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹനും കെ. എസ്. അരവിന്ദും ചേർന്ന് അനായാസം ഇന്നിംഗ്‌സ് മുന്നോട്ടു നീക്കി. രോഹൻ പതിവ് ശൈലിയിൽ തകർത്തടിച്ച് മുന്നേറിയപ്പോൾ അരവിന്ദ് മികച്ച പിന്തുണ നൽകി. 78 റൺസെടുത്ത രോഹൻ വിജയത്തിന് തൊട്ടരികെയാണ് മടങ്ങിയത്. അഖിൽ സ്‌കറിയ 17 റൺസുമായി പുറത്താകാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
