തന്റെ പുതിയ ചിത്രമായ 'മന്ദാഡി'യുടെ പ്രൊമോഷൻ ചടങ്ങിൽ ഗാനരചയിതാവ് പാ വിജയ് തനിക്കായി എഴുതിയ കവിത കേട്ട് വേദിയിൽ വികാരാധീനനായി തമിഴ് നടൻ സൂരി. സിനിമയിലെത്തുന്നതിന് മുൻപുള്ള സൂരിയുടെ കഠിനാധ്വാനവും തളരാത്ത പോരാട്ടവും വിവരിക്കുന്നതായിരുന്നു പാ വിജയുടെ വരികൾ.
ഒരു കാലത്ത് കെട്ടിടങ്ങളുടെ മുകളിൽ കയറിൽ തൂങ്ങിക്കിടന്ന് പെയിന്റിംഗ് പണികൾ ചെയ്തിരുന്ന ഒരു സാധാരണക്കാരനായ സൂരിയെയും, ഇന്ന് തമിഴ് സിനിമയിലെ മുൻനിര നടനായി ഉയർന്ന അദ്ദേഹത്തിന്റെ വളർച്ചയെയും കവിതയിൽ വിജയ് അനുസ്മരിച്ചു.
"ഇന്നലെ വരെ കാറ്റിൽ പറക്കുന്ന വെറുമൊരു കടലാസായിരുന്നു നീ. അന്ന് കയറിൽ തൂങ്ങി പെയിന്റ് അടിച്ച കൈകളെ ഇന്ന് സിനിമ ചുമലിലേറ്റി വിജയത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു," എന്ന വരികൾ കേട്ടതോടെ സൂരി കണ്ണീരടക്കാനാവാതെ നന്ദിയോടെ കൂപ്പുകൈകളോടെ നിൽക്കുകയായിരുന്നു.
"സിനിമയിൽ വന്ന് ചരിത്രം സൃഷ്ടിക്കാൻ സാധാരണക്കാരനായ ഒരാൾക്കും കഴിയുമെന്നതിന്റെ തെളിവാണ് സൂരി. അദ്ദേഹത്തിന്റെ വിജയം സാധാരണമായ ഒന്നല്ല. എല്ലാവരും അദ്ദേഹത്തിന് പൂച്ചെണ്ടുകളും സമ്മാനങ്ങളും കൊണ്ടുവരുന്നു. ഞാൻ അദ്ദേഹത്തിന് അതിനേക്കാൾ വിലപ്പെട്ട എന്തെങ്കിലും നൽകാൻ തീരുമാനിച്ചു, അങ്ങനെയാണ് ഞാൻ അദ്ദേഹത്തിനായി ഒരു കവിതയെഴുതിയത്. ഇന്നലെ വരെ നീ കാറ്റിൽ പറന്ന ഒരു കടലാസ് കഷ്ണം പോലെയായിരുന്നു. ഇന്ന് സിനിമ നിന്നെ തോളിലേറ്റി ഉച്ചകോടിയിലെത്തിച്ചിരിക്കുന്നു. എന്റെ സുഹൃത്തേ, വിജയങ്ങളുടെ കൊടുമുടികൾ കീഴടക്കൂ. എന്റെ പ്രിയപ്പെട്ട സൂരി, നീ നീണാൾ വാഴട്ടെ." പാ വിജയ് പറഞ്ഞു.
1996-ൽ മധുരയിൽ നിന്ന് ചെന്നൈയിലെത്തിയ രാമ ലക്ഷ്മണൻ മുത്തുച്ചാമി തേവർ എന്ന സൂരി, 2009-ൽ 'വെണ്ണില കബഡി കുഴു' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. വർഷങ്ങളോളം ഹാസ്യനടനായി തിളങ്ങിയ ശേഷം 2023-ൽ വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈ' ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി മാറിയത്. തുടർന്ന് 'ഗരുഡൻ', 'കൊട്ടുക്കാളി' എന്നീ ചിത്രങ്ങളിലും നായകനായി എത്തി. ഗരുഡന് ശേഷം 'ഏഴു കടൽ ഏഴു മലൈ' 'മന്ദാഡി' എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
