വാഷിംഗ്ടണ്‍ സുന്ദറിന് 7 വിക്കറ്റ്; രണ്ടാം ടെസ്റ്റില്‍ കീവിസ് 259 ന് പുറത്ത്

OCTOBER 24, 2024, 5:27 PM

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ന്യൂസിലന്‍ഡിനെ 259 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍. 7 വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറും 3 വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കീവിസിനെ തകര്‍ത്തത്. ആദ്യ ദിനം മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എടുത്തിട്ടുണ്ട്. 

സ്പിന്നിനെ അനുകൂലിക്കുന്ന പുനെ എംസിഎ സ്റ്റേഡിയത്തിലെ പിച്ചില്‍ ടോസ് നേടിയ ശേഷം ബാറ്റ് ചെയ്യാന്‍ കീവിസ് ക്യാപ്റ്റന്‍ ടോം ലാഥത്തിന് ഒട്ടും സങ്കോചമുണ്ടായിരുന്നില്ല. ബുംറയും ആകാശ്ദീപും ചേര്‍ന്നെറിഞ്ഞ ആദ്യ സ്‌പെല്ലിനെ കീവിസ് ഓപ്പണര്‍മാര്‍ അതിജീവിച്ചു. എട്ടാം ഓവറില്‍ പന്ത് കൈയിലെടുത്ത രവിചന്ദ്രന്‍ അശ്വിന്‍ ക്യാപ്റ്റന്‍ ലാഥത്തെ (15) വിക്കറ്റിന് മുന്നില്‍ കുടുക്കി ആദ്യ പ്രഹരം ഏല്‍പ്പിച്ചു. വില്‍ യംഗും ഡെവണ്‍ കോണ്‍വേയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി ഈ ആഘാതത്തെ മറികടന്നു. സ്‌കോര്‍ 76 ല്‍ എത്തിയപ്പോള്‍ യംഗിനെ (18) അശ്വിന്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. 

രചിന്‍ രവീന്ദ്ര ഒരിക്കല്‍ കൂടി ഫോമിലേക്ക് ഉയരുന്നതാണ് പിന്നീട് കണ്ടത്. കോണ്‍വേയും രവീന്ദ്രയും ചേര്‍ന്ന് അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ അപകടം മണത്തു. സ്‌കോര്‍ 138 ല്‍ എത്തിയപ്പോള്‍ കോണ്‍വേയെ (76) അശ്വിന്‍ പുറത്താക്കിയത് നിര്‍ണായകമായി. വിക്കറ്റ് കീപ്പര്‍ പന്ത് ക്യാച്ചെടുത്താണ് കോണ്‍വേയെ മടക്കിയത്. രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ട്. ന്യൂസിലന്‍ഡ് താളം വീണ്ടെടുത്തെന്ന് തോന്നിച്ചപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തന്റെ മാസ്മരിക ബൗളിംഗ് പുറത്തെടുത്തു. 

vachakam
vachakam
vachakam

65 റണ്‍സെടുത്ത രവീന്ദ്രയെ 60 ാം ഓവറില്‍ സുന്ദര്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ടോം ബ്ലണ്ടലും (3) ക്ലീന്‍ ബൗള്‍ഡ്! ഡാരില്‍ മിച്ചല്‍ (18) തൊട്ടടുത്ത ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ കീവിസ് 6ന് 204 എന്ന നിലയില്‍ വിറച്ചു. ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് മിച്ചല്‍ സാന്റ്‌നര്‍ ആഞ്ഞടിച്ചു. 236 ല്‍ സ്‌കോര്‍ എത്തിയപ്പോള്‍ ഫിലിപ്‌സിനെ (9) സുന്ദര്‍ അശ്വിന്റെ കൈകളിലെത്തിച്ചു. സൗത്തിയെയും (5) അജാസ് പട്ടേലിനെയും (4) സുന്ദര്‍ ക്ലീന്‍ ബൗള്‍ഡാക്കി മടക്കി. സ്‌കോര്‍ 259 ല്‍ എത്തിയപ്പോള്‍ 33 റണ്‍സെടുത്ത സാന്റ്‌നറിന്റെയും കുറ്റി സുന്ദര്‍ പിഴുതു. ഇതാദ്യമായാണ് വാഷിംഗ്ടണ്‍ സുന്ദര്‍ ടെസ്റ്റില്‍ 5 വിക്കറ്റോ അതിലധികമോ വീഴ്ത്തുന്നത്. 23.1 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് സുന്ദര്‍ 7 വിക്കറ്റ് വീഴ്ത്തിയത്. 

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പൂജ്യത്തിന് ടിം സൗത്തി ക്ലീന്‍ ബൗള്‍ ചെയ്തു. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 16 എന്ന നിലയിലാണ്. 6 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 10 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam