അടുത്തമാസം എട്ടു മുതൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിൽ പരിശീലകൻ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിനൊപ്പമുണ്ടാവില്ല. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ ടീം അടുത്ത മാസം 10ന് യാത്ര തിരിക്കുന്നതിനാൽ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ വി.വി.എസ് ലക്ഷ്മണാകും ഇന്ത്യൻ പരിശീലകനെന്ന് റിപ്പോർട്ട് ചെയ്യുന്നു. ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യൻ യുവനിര സിംബാബ്‌വെക്കെതിരെ കളിച്ച ടി20 പരമ്പരയിലും വി.വി.എസ് ലക്ഷ്മണായിരുന്നു ഇന്ത്യൻ പരിശീലകൻ.
നവംബർ എട്ട് മുതൽ 15വരെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ നാലു മത്സര ടി20 പരമ്പര. ലക്ഷ്മണൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകരായ സായ്‌രാജ് ബഹുതുലെ, ഋഷികേശ് കനിത്കർ, ശുഭാദീപ് ഘോഷ് എന്നിവരും മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളും ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുണ്ടാകും. സായ്‌രാജ് ബഹുതുലെ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി ശ്രീലങ്കക്കെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളിൽ ടീമിന്റെ ഭാഗമായിരുന്നു.
പിന്നീട് ദക്ഷിണാഫ്രിക്കയുടെ മോർണി മോർക്കൽ ബൗളിംഗ് കോച്ചായതോടെ സ്ഥാനമൊഴിഞ്ഞ്
കഴിഞ്ഞ ആഴ്ച എമേർജിംഗ് ഏഷ്യാ കപ്പിൽ കളിച്ച ഇന്ത്യ എ ടീമന്റെ പരിശീലകനുമായിരുന്നു ബഹുതുലെ. കനിത്കറും, ശുബാദീപ് ഘോഷും എമേർജിംഗ് ഏഷ്യാ കപ്പിലും ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലും ടീമിനൊപ്പമുണ്ടായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനെന്ന നിലയിൽ പ്രവർത്തിക്കുന്ന ലക്ഷ്മണെ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോൾ ഇന്ത്യൻ ടീമിന്റെ സ്ഥിരം പരിശീലകനാകാൻ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം താൽപര്യം കാട്ടിയിരുന്നില്ല.
ഭാവി താരങ്ങളെ വാർത്തെടുക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തുടരാനാണ് താൽപര്യമെന്ന് ലക്ഷ്മൺ ബിസിസിഐയെ അറിയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലും യുവതാരങ്ങളാണ് കൂടുതലായി ഉള്ളത്. ക്യാപ്ടൻ സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, അക്‌സർ പട്ടേൽ, ഹാർദ്ദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്, സഞ്ജു സാംസൺ എന്നിവർ മാത്രമാണ് ടീമിലെ സീനിയർ താരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്