രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന കേരളത്തിന് ഭേദപ്പെട്ട തുടക്കത്തിനുശേഷം കൂട്ടത്തകർച്ച. മഴയും നനഞ്ഞ ഔട്ട് ഫീൽഡും കാരണം ആദ്യ ദിനം പൂർണമായും നഷ്ടമായ മത്സരത്തിന്റെ രണ്ടാം ദിനം അവസാന സെഷനിൽ മാത്രമാണ് കളി നടന്നത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിലാണ്. നാലു റൺസോടെ ക്യാപ്ടൻ സച്ചിൻ ബേബിയും ഒമ്പത് റൺസുമായി അക്ഷയ് ചന്ദ്രനും ക്രീസിൽ. വത്സൽ ഗോവിന്ദ്, രോഹൻ എസ്. കുന്നുമ്മൽ, ബാബാ അപരാജിത്, ആദിത്യ സർവാതെ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
ഓപ്പണിംഗ് വിക്കറ്റിൽ വത്സൽ ഗോവിന്ദും രോഹൻ കുന്നുമ്മലും 33 റൺസ് കൂട്ടിച്ചേർത്തശേഷമാണ് അഞ്ച് റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായി കേരളം തകർന്നടിഞ്ഞത്. 22 പന്തിൽ 23 റൺസെടുത്ത രോഹനെ ഇഷാൻ പോറൽ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ നേരിട്ട ആദ്യ പന്തിൽ തന്നെ ബാബ അപരാജിതിനെ പോറൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകകളിലെത്തിച്ചു.
പിന്നാലെ അഞ്ച് റൺസെടുത്ത വത്സൽ ഗോവിന്ദിനെകൂടി പോറൽ തന്നെ സാഹയുടെ കൈകകളിലെത്തിച്ചതോടെ കേരളം ഞെട്ടി. പിന്നീടെത്തിയ ആദിത്യ സർവാതെയെ(5) പ്ദീപ്ത പ്രമാണിക്കും മടക്കി. ഇതോടെ 33-0ൽ നിന്ന് കേരളം 38-4ലേക്ക് കൂപ്പുകുത്തി. പിന്നീടെത്തിയ ക്യാപ്ടൻ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ കേരളത്തെ 50 കടത്തി. ബംഗാളിനായി ഇഷാൻ പോറൽ 18 റൺസിന് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ബംഗാൾ ഫീൽഡിംഗ് തെരഞ്ഞെടുത്തു. മത്സരത്തിൽ സഞ്ജു സാംസൺ കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലില്ല. പരിക്കു മൂലമാണോ സഞ്ജു കളിക്കാത്തത് എന്ന കാര്യം വ്യക്തമല്ല. കേരളവും കർണാടകയും തമ്മിലുള്ള കഴിഞ്ഞ മത്സരവും മഴമൂലം പൂർത്തിയാക്കാനായിരുന്നില്ല. കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 161-3ൽ നിൽക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ആ മത്സരത്തിൽ സഞ്ജു 15 റൺസുമായി പുറത്താകാതെ നിന്നിരുന്നു. എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് ഏഴ് പോയന്റും മൂന്നാമതുള്ള ബംഗാളിന് നാലു പോയന്റുമാണ് നിലവിലുള്ളത്.
രണ്ട് കളികളിൽ 10 പോയന്റുമായി ഹരിയാനയാണ് കേരളത്തിന്റെ ഗ്രൂപ്പിൽ ഒന്നാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്