തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ അക്വാട്ടിക്‌സിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. നിലവിലെ ചാമ്പ്യൻമാരായിറങ്ങിയ തിരുവനന്തപുരം 73 സ്വർണവും 63 വെള്ളിയും 46 വെങ്കലവുമായി 649 പോയിന്റോടെയാണ് വീണ്ടും കിരീടത്തിൽ മുത്തമിട്ടത്.
തൃശൂർ 16 സ്വർണ്ണവും 10 വെള്ളിയും 17 വെങ്കലവുമായി 149 പോയിന്റുനേടി രണ്ടാമതെത്തി. മൂന്നാംസ്ഥാനത്ത് എട്ട് സ്വർണ്ണവും 18 വെള്ളിയും 16 വെങ്കലവുമായി 133 പോയിന്റോടെ എറണാകുളമാണ്.
തിരുവനന്തപുരത്തെ സ്‌കൂളുകൾ തന്നെയാണ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. എം.വി.എച്ച്. എസ്.എസ് തുണ്ടത്തിൽ 16 സ്വർണ്ണവും 12 വെള്ളിയും രണ്ട് വെങ്കിലവുമായി 118 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, ഗവൺമെന്റ് വി.എച്ച്.എസ്.എസ് പിരപ്പൻകോട് 8 സ്വർണവും 6 വെള്ളിയും ആറ് വെങ്കലവുമായി 64 പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്തി. ഗവൺമെന്റ് ഗേൾസ് കന്യാകുളങ്ങര 5 സ്വർണവും 9 വെള്ളിയും ആറു വെങ്കലവുമായി 58 പോയിന്റുകളോടെ മൂന്നാം സ്ഥാനത്ത് എത്തി.
വ്യക്തിഗത ചാമ്പ്യന്മാരിൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 50 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക്, 100 മീറ്റർ ഫ്രീ സ്‌ട്രോക്ക്, 100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയത് സായി തൃശൂരിലെ അജിത് യാദവാണ്. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക്, 50 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക്, 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക് എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ച തൃശ്ശൂരിന്റെ നിവേദ്യ വി. എന്നും 50 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക്, 100 മീറ്റർ ഫ്രീ സ്‌റ്റൈൽ, 50 മീറ്റർ ഫ്രീ സ്‌റ്റൈൽ എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ച തിരുവനന്തപുരത്തിന്റെ അജൂഷി അവന്തിക എസ്.എയും പുരസ്‌കാരത്തിന് അർഹരായി.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 800 മീറ്റർ ഫ്രീ സ്‌റ്റൈൽ, 400 മീറ്റർ ഫ്രീ സ്‌റ്റൈൽ, 200 മീറ്റർ ബട്ടർഫ്‌ളൈ എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ച തിരുവനന്തപുരത്തിന്റെ മോങ്ങം യഗ്‌ന സായി അർഹനായി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന് പേർക്കാണ് വ്യക്തിഗത ചാമ്പ്യൻഷിപ്പ്. തിരുവനന്തപുരം ഗവൺമെന്റ് എച്ച്.എസ്്.എസ് വെഞ്ഞാറമ്മൂടിലെ ഭാഗ്യ കൃഷ്ണ, ശ്രീകാര്യം ലയോള സ്‌കൂളിലെ എബ്ബ ആദില, ഗവൺമെന്റ് എച്ച്.എസ്.എസ് തോന്നയ്ക്കലിലെ വൃന്ദ ആർ.എസ്.എസുമാണ് പുരസ്‌കാരത്തിന് അർഹരായത്.
സീനിയർ ആൺകുട്ടികളിൽ പിരപ്പൻകോടിന്റെ ശ്രീഹരി ബി, തുണ്ടത്തിലിലെ മോങ്ങം യഗ്‌ന സായി, കൗസ്തുഭനാഥ് എന്നിവർ ചാമ്പ്യന്മാരായി. സീനിയർ പെൺകുട്ടികളിൽ തുണ്ടത്തിലിലെ പവനി സരയു, പിരപ്പൻകോടിന്റെ ദക്ഷിണ ബിജോ, വെഞ്ഞാറമൂടിലെ വിദ്യാലക്ഷ്മി എന്നിവർ വിജയികളായി.
ഈ ചാമ്പ്യൻഷിപ്പിൽ പതിനാറ് മീറ്റ് റെക്കോഡുകളാണ് പിറന്നത്. അവസാന ദിവസമായ ഇന്നലെ മാത്രം ആറ് മീറ്റ് റെക്കോഡുകൾ പിറന്നു. ഇതിൽ അഞ്ച് പേരും തിരുവനന്തപുരത്ത് നിന്നുള്ളവരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
